യുഎഇയിൽ ജിയോ ടൂറിസം ഗവേഷണ പഠനം സജീവമാക്കാനൊരുങ്ങി അധികൃതർ. യുഎഇയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സഞ്ചാരികളിലേയ്ക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിനോദസഞ്ചാരത്തിനും ഗവേഷണത്തിനുമായി ആഗോള സഞ്ചാരികളെയും ഭൗമശാസ്ത്രജ്ഞരെയും ആകർഷിക്കുന്നതിനായുള്ള ശ്രമങ്ങളാണ് ഇതുവഴി രാജ്യത്തെ ജിയോളജിക്കൽ സൈറ്റുകൾ നടത്തുന്നത്.
രാജ്യത്തെ ഉയരം കൂടിയ പർവ്വതങ്ങൾ, താഴ്വരകൾ, തീരപ്രദേശങ്ങൾ, മണൽക്കൂനകൾ എന്നിങ്ങനെ ഭൗമശാസ്ത്രപരമായ മേഖലകൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഹൈക്കിങ്, ക്യാമ്പിങ്, റോക്ക് ക്ലൈമ്പിങ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങളും ജിയോടൂറിസത്തിന്റെ ഭാഗമായുണ്ട്. കൂടാതെ സഞ്ചാരികൾക്ക് ഭൂപ്രകൃതിയെക്കുറിച്ചുള്ള അവബോധം വളർത്താനുള്ള ഒരു മാർഗമെന്ന നിലയിലുമാണ് ജിയോ ടൂറിസത്തെ അധികൃതർ പ്രോത്സാഹിപ്പിക്കുന്നത്.
യുഎഇയുടെ കിഴക്കൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന പുരാതന ജലസേചന സംവിധാനങ്ങളായ അൽ അഫ്ലജ്, നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മണൽകൂനകൾ, ഫോസിലുകളുടെയും ധാതുക്കളുടെയും ആവാസകേന്ദ്രമായ കൂറ്റൻ പർവ്വതങ്ങൾ, പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും സമൃദ്ധമായി വളരുന്ന തീരപ്രദേശങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അറിയാൻ സന്ദർശകർക്ക് ഇതുവഴി ജിയോ ടൂറിസം അവസരമൊരുക്കും.