യു.എ.ഇ സാമ്പത്തിക മന്ത്രാലയം, ലോക സാമ്പത്തിക ഫോറം, അബൂദാബി സാമ്പത്തിക വികസന വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ട്രേഡ് ടെക് ഫോറം അബൂദാബിയിൽ നടക്കും. അബൂദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ ഫെബ്രുവരി 27ന് ട്രേഡ് ടെക് ഫോറത്തിന്റെ ആദ്യ പതിപ്പിന് തുടക്കമാവും. ലോകവ്യാപാര സംഘടനയുടെ 13ാമത് മന്ത്രിതല സമ്മേളനത്തിനൊപ്പമാണ് പ്രഥമ ട്രേഡ് ടെക് ഫോറം നടക്കുക.
വ്യാപാര സാങ്കേതിക വിദ്യകളുടെ പരിവർത്തന ശക്തി കണ്ടെത്തുന്നതിനും കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ആഗോള വ്യാപാര പരിസ്ഥിതിക്ക് വഴിയൊരുക്കുന്നതുമായ ഈ ഫോറത്തിൽ ലോക നേതാക്കളും വിദഗ്ധരും പങ്കെടുക്കും. കൂടാതെ ലോകത്തിലെ മുൻനിര വ്യാപാര വിദഗ്ധരും മുതിർന്ന വ്യാപാര ഉദ്യോഗസ്ഥരും നിക്ഷേപകരും പണ്ഡിതരുമടക്കം 150ലേറെ പേർ പ്രഭാഷണങ്ങൾക്കും പാനൽ ചർച്ചകൾക്കുമായി ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.