ഓണമെന്നാല്‍ മലയാളിയ്ക്ക് പകരം വയ്ക്കാനില്ലാത്ത ഉത്സവമാണ്. ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും ചിങ്ങം പിറക്കുന്നതോടെ മലയാളി മനസ്സില്‍ ഓണവെയില്‍ തെളിയും. അല്‍പ്പം ഗൃഹാതുരത തോന്നുമെങ്കിലം സന്തോഷത്തിന്‍റേയും സമൃദ്ധിയുടേയും ആര്‍പ്പുവിളികളും ആവേശവുമായി അവര്‍ ഒത്തുകൂടും. ചിങ്ങം പിറന്നതോടെ ഓണ ഒരുക്കങ്ങൾക്ക് പ്രവാസ ലോകവും തുടക്കമിട്ടുകഴിഞ്ഞു.
കാണം വിറ്റിട്ടാണെങ്കിലും ഓണം ഉണ്ണണമെന്നാണല്ലോ ചൊല്ല്. അതിനൊത്തപോലെ മറുനാട്ടില്‍ വിരുന്നെത്തുന്ന ഓണത്തെ മലയാളി കെങ്കേമമാക്കും. ഓണക്കോടിയുടുക്കും, ഊഞ്ഞാലാടും, ഉപ്പേരി കൊറിക്കും.. മാവേലിയെ വരവേല്‍ക്കും, വാഴയിലയില്‍ സദ്യയുണ്ണും, ചെണ്ടമേളം ആസ്വദിക്കും, വെളളമില്ലാത്ത നാട്ടിലിരുന്നാണെങ്കിലും വളളപ്പാട്ടുകൾ ഉച്ചത്തില്‍ പാടും.
ആഘോഷത്തിന് ചുക്കാന്‍ പിടിക്കാന്‍ മലയാളി പ്രവാസി സംഘടകളും സദ്യവട്ടവുമായി പ്രമുഖ റസ്റ്റോറന്‍റുകളും കലാവിരുന്നൊരുക്കാന്‍ പറന്നെത്തുന്ന സംഘങ്ങളും ഒക്കെയുണ്ടാവും. ഒത്തുചേരലുകളുടേയും, ആമോദത്തിന്‍റെയും അസുലഭ നിമിഷങ്ങളും ഓര്‍മ്മകളുമാണ് പ്രവാസ ലോകത്തും അനുഭവിക്കാനാകുന്നത്.
ഓണം പ്രവാസ ലോകത്തായാല്‍ കനേഡിയനും അമേരിക്കനും നൈജീരക്കാരനും ഈജിപ്ഷ്യനും ഫിലിപ്പീനിയും തുടങ്ങി അതിരുകളില്ലാതെ മനുഷ്യര്‍ മലയാളിയുടെ സംസ്കാരം കണ്ടറിയുകയും ഓണവിശേഷങ്ങൾ അടുത്തറിയുകയും ചെയ്യും. ഇക്കുറി കൊറോണയെ പേടിക്കാതെയാണ് മലയാളി ഓണാഘോഷത്തിന് തയ്യാറെടുക്കുന്നത്.
ഇനിയെങ്ങാനും ചിങ്ങം തിടുക്കത്തിലങ്ങ് കടന്നുപോയാല്‍ ഒത്തുചേരാന്‍ അവസരം കിട്ടുംവരെ ഓണത്തെ ഒപ്പം നിര്‍ത്താനും പ്രവാസികൾക്ക് അറിയാം. അതായത് മാവേലി നാട് മലയാളി മനസ്സില്‍ പെരുമ്പറ കൊട്ടുമ്പോൾ ലോകത്തിന്‍റെ ഏത് കോണിലിരുന്നും ചെവിയൊന്നോര്‍ത്താല്‍ തിത്തിത്താര തിത്തിത്തെ.. എന്ന് കോറസായി കേൾക്കാം..
അതാണ് പൊന്നില്‍ ചിങ്ങം.. അതാണ് ഓണക്കാലം.. അതാണ് മലയാളി..