പാസ്പോർട്ട് പവർ ഇൻഡക്സിൻറെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടായി മാറി യുഎഇയുടേത്. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകളെ മറികടന്നാണ് യുഎഇ പാസ്പോർട്ട് ഒന്നാമതെത്തിയത്.
യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തിലെ 180 രാജ്യങ്ങൾ എളുപ്പത്തിൽ സന്ദർശിക്കാനാകും. ഇതിൽ 131 രാജ്യങ്ങളിൽ മുൻകൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ വഴിയും പ്രവേശിക്കാനാകും.
വർഷങ്ങളോളം നെതർലാൻഡ്സ് ആയിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഇത്തവണ രണ്ടാം സ്ഥാനത്തുള്ള ജർമ്മനി, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച് മുൻകൂട്ടി വിസ നേടാതെയും ഓൺ അറൈവൽ വിസ വഴിയും 178 രാജ്യങ്ങളിൽ പ്രവേശിക്കാനാകും.
സ്വീഡൻ, ഫിൻലൻഡ്, ലക്സംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ അഞ്ച് രാജ്യങ്ങളാണ് മൂന്നാംസ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച് 177 രാജ്യങ്ങളിൽ മുൻകൂട്ടി വിസ നേടാതെ ഓൺഅറൈവൽ വിസ വഴി പ്രവേശിക്കാൻ കഴിയും.ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളിൽ ഇന്ത്യക്ക് 66-ാംസ്ഥാനമാണ്. ഗൾഫ് രാജ്യങ്ങളായ ഖത്തർ 44-ാംസ്ഥാനത്തും കുവൈത്ത് 45-ാംസ്ഥാനത്തും സൗദി അറേബ്യയും ബഹ്റൈനും 47-ാംസ്ഥാനത്തും ഒമാൻ 49-ാംസ്ഥാനത്തുമെത്തി.