ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 13ന് യുഎഇയിലെത്തും. യുഎഇയിലെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന സ്വീകരണപരിപാടിയായ അഹ്‌ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കാനും അടുത്തദിവസം നടക്കുന്ന അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനുമായാണ് അദ്ദേഹമെത്തുന്നത്. പ്രധാനമന്ത്രിയുടെ ഏഴാം യുഎഇ സന്ദർശനമാണിത്. ഫെബ്രുവരി 13ന് അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് സമ്മേളനം ഒരുക്കിയിരിക്കുന്നത്.
മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 14-ന് രാവിലെയാണ് നടക്കുക. അബുദാബി-ദുബായ് പ്രധാന ഹൈവേക്ക് സമീപം അബുമുറൈഖയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടേയ്ക്ക് 18 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2018-ലാണ് ക്ഷേത്രനിർമാണം ആരംഭിച്ചത്. വിരിഞ്ഞുനിൽക്കുന്ന താമരപ്പൂവിന് സമാനമായി ഒരുക്കുന്ന ബാപ്‌സ് ഹിന്ദുക്ഷേത്രം പിങ്ക്, വെള്ള മാർബിളിൽ കൈകൊണ്ട് കൊത്തിയെടുത്ത ശില്പങ്ങൾ ചേർത്തുവെച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്നവിധത്തിലാണ് ഏഴ് ഗോപുരങ്ങൾ പണിതിരിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്ന് 2,000 ശില്പികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്ന രണ്ട് ജലധാരകളും സരസ്വതി നദിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രകാശകിരണവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്രസമുച്ഛയത്തിൽ സന്ദർശനകേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, ലൈബ്രറി, ക്ലാസ്‌റൂം, കമ്യൂണിറ്റി സെന്റർ, മജ്‌ലിസ്, ആംഫി തിയേറ്റർ, കളിസ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, പുസ്‌തകങ്ങൾ, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോർട്ട് എന്നീ സൗകര്യങ്ങളുമുണ്ട്.