കണ്ടന്റ് ക്രീയേറ്റേഴ്സിനെ പിന്തുണയ്ക്കാനുള്ള പദ്ധതിയുമായി യുഎഇ. കണ്ടന്റ് ക്രീയേറ്റേഴ്സിന് പിന്തുണ നൽകാനും സ്ഥിരമായ ആസ്ഥാനം സ്ഥാപിക്കുന്നതിനുമായി 150 ദശലക്ഷം ദിർഹം ഫണ്ട് അനുവദിക്കാൻ നിർദ്ദേശിച്ചിക്കുകയാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ദുബായിൽ ന്യൂ മീഡിയ അക്കാദമി സംഘടിപ്പിച്ച 1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റിനിടെയാണ് പ്രഖ്യാപനം. ‘സോഷ്യൽ മീഡിയ പ്രൊഫഷണൽ പ്രോഗ്രാമിന്റെ’ ഭാഗമായി 90 കണ്ടന്റ് ക്രീയേറ്റേഴ്സിന് ബിരുദദാനവും ‘ഫാരിസ് അൽ മുഹ്‌തവ’യുടെ നാലാമത്തെ കൂട്ടായ്മയും ചടങ്ങിൽ നടന്നു.
സമൂഹത്തിന്റെ യഥാർത്ഥ കണ്ണാടിയാണ് മാധ്യമങ്ങളെന്ന് ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ലോകത്തിന്റെ അറിവുകൾ, ശാസ്ത്രങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയ്ക്കൊപ്പം മാധ്യമങ്ങളെയും നിലനിർത്തേണ്ടത്, “കണ്ടന്റ് ക്രീയേറ്റേഴ്സിന് പിന്തുണയ്ക്കുന്നതിനും ഡിജിറ്റൽ മീഡിയ മേഖലയെ കൂടുതൽ പരിപോഷിക്കുന്നതിനുമായി 150 ദശലക്ഷം ദിർഹം മൂല്യമുള്ള ഒരു ഫണ്ട് അനുവദിക്കാൻ ഞങ്ങൾ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുവെന്ന് ഷെയ്ഖ് മുഹമ്മദ് യോഗത്തിനിടെ വ്യക്തമാക്കി”.