ഹജ്ജ് സഹകരണക്കരാറിൽ സൗദിയും ബഹ്റൈനും ഒപ്പുവെച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയും സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയുമാണ് കരാറിൽ ഒപ്പുവെച്ചത്. 2024ലെ ഹജ്ജ്, ഉംറ പദ്ധതികളുടെ സമ്മേളനത്തിനും എക്സിബിഷനും പങ്കെടുക്കാൻ സൗദിയിലെത്തിയ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയുടെ സാന്നിധ്യം ഉപയോഗപ്പെടുത്തിയാണ് കരാർ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
കരാർ ഒപ്പുവെക്കൽ ചടങ്ങിനുശേഷം സൗദി ഭരണാധികാരികൾ ഹജ്ജ്, ഉംറ കർമങ്ങൾക്കായി ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിപുലമായ സംവിധാനങ്ങൾക്ക് മന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ബഹ്റൈൻ ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖഹ്താനും ചടങ്ങിൽ പങ്കെടുത്തിരുന്നു.