പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ നിരവധി പേരാണ് ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. നടിമാരായ ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മറ്റ് ഇന്ത്യൻ സിനിമ താരങ്ങൾ, പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ പിന്തുണ നൽകിയിരുന്നു.
ഇപ്പോഴിതാ ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരിക്കുകയാണ്. ലക്ഷദ്വീപിനെ തന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർക്കുകയാണ് എന്നാണ് ഉണ്ണി മുകുന്ദൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പ്രധാന മന്ത്രി ലക്ഷദ്വീപ് തീരത്ത് ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
‘എന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തിരിക്കുന്നു, ലക്ഷദ്വീപ്’- എന്നാണ് ഉണ്ണിമുകുന്ദൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾക്കും പിന്നീട് വന്ന വിവാദങ്ങൾക്കും പിന്നാലെ ബീച്ച് ഡെസ്റ്റിനേഷനായി ലക്ഷദ്വീപ് ഗൂഗിളിൽ സെർച്ച് ചെയ്തവരിൽ വലിയ കുതിപ്പാണ് ഉണ്ടായത്. 20 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ഉയർച്ചയാണ് പ്രധാനമന്ത്രിയുടെ ഒറ്റ ലക്ഷദ്വീപ് പോസ്റ്റിലൂടെ ഗൂഗിളിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് കാഴ്ച്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ലക്ഷദ്വീപിലെ കടലിൽ മുങ്ങാംകുഴിയിടുന്നതിന്റെയും ബീച്ചിൽ പ്രഭാത നടത്തം ആസ്വദിച്ചതിന്റെയും അനുഭവങ്ങൾ പങ്കുവച്ച അദ്ദേഹം സാഹസികത ആഗ്രഹിക്കുന്നവർ ലക്ഷദ്വീപിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇസ്രായേൽ എംബസിയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ലക്ഷദ്വീപ് കാണാൻ എല്ലാവരോടും ആഹ്വാനം ചെയ്തിരുന്നു.