2025-ൽ യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്പാദനം 3.8 ശതമാനമായി വർധിക്കുമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. നിലവിൽ 3.4 ശതമാനമുള്ള ജിഡിപി ഈ വർഷം 3.7 ശതമാനം ആകുമെന്നും ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്റ്റ്സിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ജിസിസി രാജ്യങ്ങളുടെ വളർച്ചയിൽ ഈ വർഷം 3.6 ശതമാനവും അടുത്ത വർഷം 3.8 ശതമാനവും വർധനവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സൗദിയുടെ ആഭ്യന്തര ഉല്പാദനം ഈ വർഷം 4.1 ശതമാനമായി വളരുകയും അടുത്ത വർഷം ഇത് 4.2 ശതമാനമാകുകയും ചെയ്യും. എണ്ണ ഉല്പാദനത്തിൽ മുൻപന്തിയിലുള്ള കുവൈത്തിന് ഈ വർഷം 2.6 ശതമാനം വളർച്ചയും അടുത്ത വർഷം 2.7 ശതമാനം വളർച്ചയുമുണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ബഹ്റൈന്റെ സമ്പത്തിക വളർച്ചാ നിരക്ക് അടുത്ത രണ്ട് വർഷം കുറയുമെന്നാണ് ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്റ്റ്സിൽ പറയുന്നത്. ഇത് ഈ വർഷം 3.3 ശതമാനവും അടുത്തവർഷം 3.2 ശതമാനവുമായിരിക്കും. ഖത്തർ ഈ വർഷം 2.5 ശതമാനവും അടുത്ത വർഷം 3.1 ശതമാനവും വളർച്ച നേടുമ്പോൾ ഒമാൻ ഈ വർഷം 2.7 ശതമാനവും അടുത്ത വർഷം 2.9 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്.