ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃ സ്ഥാപനമായ മെറ്റയുടെ തലവൻ മാർക്ക് സക്കർബർഗ് താൻ ആരംഭിച്ച പുതിയ ബിസിനസിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ബീഫ് മാംസ വിൽപനയാണ് സക്കർബർഗിന്റെ പുതിയ ബിസിനസ്. ഇതിനായി ഹവായിലെ കാവായ് ദ്വീപിൽ കന്നുകാലികളെ വളർത്തുകയാണ് അദ്ദേഹം. ബീഫ് കഴിക്കുന്ന ചിത്രം പങ്കുവെച്ച് എഴുതിയ കുറിപ്പിലാണ് സക്കർബർഗ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏറ്റവും മികച്ചതും ഗുണനിലവാരവുമുള്ള ബീഫ് ലഭ്യമാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഫാമിലെ കന്നുകാലികൾക്ക് നൽകാനുള്ള ഭക്ഷവും അവിടെ തന്നെ വിളയിച്ചെടുക്കുകയാണ് ചെയ്യുന്നത്. മക്കാഡമിയയും ഡ്രൈഫ്രൂട്സും ബിയറുമാണ് കന്നുകാലികൾക്ക് നൽകാൻ സക്കർബർഗ് ഉത്പാദിപ്പിക്കുന്നത്. ഏക്കർ കണക്കിന് മക്കാഡമിയ നട്ടുപിടിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ ഓരോ പശുവിനും 5000 മുതൽ 10,000 പൗണ്ട് വരെ ഭക്ഷണം നൽകും. ‘എന്‍റെ പെൺകുട്ടികൾ കന്നുകാലികളെ പരിപാലിക്കാനടക്കം സഹായിക്കുന്നുണ്ട്. എല്ലാ പ്രൊജക്ടുകളിലും വെച്ച് ഇതാണ് ഏറ്റവും രുചികരമായത് ഇതാണ്’-സക്കർബർഗ് പറഞ്ഞു.
അതേസമയം സംഭവത്തിൽ ചിലർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കന്നുകാലികളെ പരിപാലിക്കുന്നുണ്ടെങ്കിലും ഇറച്ചി ഭക്ഷണമാക്കാൻ വേണ്ടിയാണല്ലോ എന്നാണ് ഒരു വിഭാഗത്തിന്‍റെ വിമർശനം. ഇത് പരിഹാസ്യമായതും പണവും ഭൂമിയും വിഭവങ്ങളും പാഴാക്കലാണെന്നും ചിലർ പറഞ്ഞു. ഹരിതഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് പശുവളർത്തൽ എന്നും കമന്‍റുകളുണ്ട്.