അമേരിക്കയിലെ ടെക്സാസിലെ വീട്ടിലാണ് ഗാനഗന്ധർവൻ യേശുദാസ് തന്റെ 84-ാം ജന്മദിനം ആഘോഷിക്കുന്നത്. യേശുദാസിന്റെ പിറന്നാൾ ആഘോഷം കൊച്ചിയിലും സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാ-സംഗീത ലോകത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഓൺലൈൻ വഴിയാണ് യേശുദാസ് പങ്കെടുത്തത്. ചടങ്ങിൽ യേശുദാസിന്റെ മകൻ വിജയ് യേശുദാസ് കേക്ക് മുറിച്ചു.
ജഗദീശ്വരന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെയെല്ലാം പ്രാർഥന കൊണ്ടും താൻ അങ്ങേയറ്റം കടപ്പെട്ടിരുക്കുന്നുവെന്ന് യേശുദാസ് പറഞ്ഞു. എല്ലാവരും സംഗീതത്തെ ബഹുമാനിക്കുക. സംഗീതമാണ് ലോകത്തിന്റെ നിലനിൽപ്പ്. ജീവന്റെ തുടിപ്പുകൾ പോലും സംഗീതവുമായി ബന്ധപ്പെട്ടതാണ്. ലോകത്തെ എല്ലാ നദികളാണെങ്കിലും കാറ്റാണെങ്കിലും അതിലെല്ലാം സംഗീതത്തിന്റെ അംശമുണ്ട്. അതിനെ ബഹുമാനിക്കുകയാണെങ്കിൽ തീർച്ചയായും ജാതിയോ മതമോ ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയും. സംഗീതത്തിന് ഒരു ജാതിയും മതവുമില്ലെന്നാണ് ഈ ജീവിതം പഠിപ്പിച്ചത്. ലോകം മുഴുക്കെ ശാന്തിയും സമാധനവും ഉണ്ടാകട്ടെയെന്ന് മാത്രം ആശംസിക്കുന്നുവെന്ന് യേശുദാസ് പറഞ്ഞു.
സംവിധായകൻ സത്യൻ അന്തിക്കാട്, സംഗീത സംവിധായകരായ ജെറി അമൽ ദേവ്, ഔസപ്പേച്ചൻ, വിദ്യാധരൻ, നടൻമാരായ ദീലീപ്, സിദ്ദിഖ്, മനോജ് കെ ജയൻ, നാദിർഷ, തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.