നയൻതാര നായികയായ ‘അന്നപൂരണി ദ ഗോഡ്സ് ഓഫ് ഫുഡ്’ എന്ന തമിഴ് സിനിമയിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു. ചിത്രം ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് മുംബൈ പൊലീസ് കേസെടുത്തത്.
രമേഷ് സോളങ്കി എന്നയാളാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പേരിലാണ് മുംബൈ പൊലീസ് കേസെടുത്തത്.
‘ശ്രീരാമനും സീതയും മാംസഭക്ഷണം കഴിച്ചിരുന്നുവെന്ന് സിനിമയിലെ നായകൻ പറയുന്നു. പൂജാരിമാരുടെ കുടുംബത്തിലെ പെൺകുട്ടി പ്രേമിക്കുന്നത് മുസ്ലിം ചെറുപ്പക്കാരനെയാണ്. ഇവയെല്ലാം ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു’ എന്നാണ് രമേഷ് സോളങ്കി പരാതിയിലൂടെ ആരോപിക്കുന്നത്. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ സിനിമ 29-ന് നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്‌തിരുന്നു.