അത്യാധുനികമായ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നിലവിൽ വന്ന ബഹ്റൈൻ ഇ-പാസ്പോർട്ടിന്റെ ഡിസൈന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര മത്സരമായ ലണ്ടൻ ഡിസൈൻ അവാർഡിലാണ് മൂന്ന് സ്വർണ അവാർഡുകളും ഏഴ് വെള്ളി അവാർഡുകളും ബഹ്റൈൻ ഇ-പാസ്പോർട്ട് സ്വന്തമാക്കിയത്. പ്രൊഡക്ട് ഡിസൈൻ, ഡിജിറ്റൽ ഡിസൈൻ, ഗ്രാഫിക് ഡിസൈൻ എന്നിവയുൾപ്പെടെ വിവിധ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ഡിസൈനുകളാണ് മത്സരിച്ചത്. 45 രാജ്യങ്ങളിൽ നിന്നുള്ള 3000 സൃഷ്ടികൾ ഈ മത്സരത്തിൽ ഉണ്ടായിരുന്നു. 2023 മാർച്ചിൽ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇ-പാസ്പോർട്ട് പുറത്തിറക്കിയത്.
സംവിധാനങ്ങൾ ആധുനികവത്കരിക്കുക എന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ആഗ്രഹമനുസരിച്ചാണ് ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയത്. നാഷണാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് വിഭാഗം മുൻകൈ എടുത്താണ് ആധുനിക സംവിധാനം സാധ്യമാക്കിയത്. സാധാരണ പാസ്പോർട്ട്, സ്പെഷൽ പാസ്പോർട്ട്, ഡിപ്ലോമാറ്റിക് പാസ്പോർട്ട്, ട്രാവൽ ഡോക്യുമെന്റ് എന്നിവയും ഇ-പാസ്പോർട്ടാക്കി മാറ്റിയിട്ടുണ്ട്.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നതും അല്ലാത്തതുമായ സുരക്ഷ സംവിധാനങ്ങൾ ഇ-പാസ്പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. മൈക്രോചിപ്പുകൾ ഘടിപ്പിച്ച രീതിയിലാണ് പുറംചട്ട രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിവരിക്കുന്ന പശ്ചാത്തല ചിത്രങ്ങൾ ഓരോ പേജിലും ഡിസൈൻ ചെയ്തിട്ടുണ്ട്. കൂടാതെ പവിഴ ഖനനത്തിൽ തുടങ്ങി ആദ്യത്തെ എണ്ണക്കിണർ സ്ഥാപിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളും ഉൾച്ചേർത്തിട്ടുണ്ട്. ഇതിലൂടെ രാജ്യത്തിന്റെ പൈതൃകം സംബന്ധിച്ച ധാരണ ലഭിക്കുന്നതോടൊപ്പം ഭാവി വികസനത്തിലേക്കുള്ള ദിശാസൂചിക കൂടിയാണ് പാസ്പോർട്ടിന്റെ സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതിക വിദ്യ അനുവർത്തിക്കുന്ന എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പാസ്പോർട്ട് പുറത്തിറക്കിയത്.