സന്ദർശകർക്ക് മൃഗങ്ങളുമായി ഇടപഴകാനും അവയെ തൊടാനും അവസരമൊരുക്കുന്ന അപൂർവ്വം മൃഗശാലകളിലൊന്നാണ് അബുദാബിയിലെ അൽ ഐൻ മൃഗശാല. കാടിന് സമാനമായ അന്തരീക്ഷത്തിൽ മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്ന ഈ മൃഗശാല വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രം കൂടിയാണ്.
2023-ൽ അൽഐൻ മൃഗശാലയിൽ വിവിധ ഇനത്തിൽപ്പെട്ട 575 മൃഗക്കുഞ്ഞുങ്ങളാണ് ജനിച്ചത്. 2023 ജനുവരിക്കും നവംബറിനും ഇടയിലാണ് പുതിയ ജനനങ്ങൾ രേഖപ്പെടുത്തിയത്. മൃഗങ്ങളുടെ പ്രജനനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അധികൃതർ മികച്ച സൗകര്യങ്ങളും ശാസ്ത്രീയ നടപടിക്രമങ്ങളുമാണ് ഉപയോഗിച്ചുവരുന്നത്. പ്രധാനമായും എല്ലാ മൃഗങ്ങളുടെയും ബയോകെമിസ്ട്രി, ഹെമറ്റോളജി, മൈക്രോബയോളജി, അനാട്ടമി, മോളിക്യുലാർ ബയോളജി, ജനിതകശാസ്ത്രം, പൂർണശരീര പരിശോധനകൾ എന്നിവയിൽ വെറ്ററിനറി സംഘം സമഗ്രമായ പരിശോധനകൾ കൃത്യമായി നടത്തിവരുന്നുണ്ട്. അതിനാലാണ് പുതിയ ജനനങ്ങൾ വർധിക്കുന്നതെന്ന് അൽഐൻ മൃഗശാല ആക്‌ടിങ് ജനറൽ ക്യൂറേറ്റർ മുഹമ്മദ് യൂസഫ് അൽ ഫഖീർ പറഞ്ഞു.
മൃഗശാലയിലെ മൃഗങ്ങളിൽ 30 ശതമാനവും വംശനാശഭീഷണി നേരിടുന്നവയാണ്. ഇത് കണക്കിലെടുത്ത് കാട്ടിലെ സ്വാഭാവിക സാഹചര്യങ്ങൾക്കനുസരിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും യൂസഫ് അൽ ഫഖീർ പറഞ്ഞു. പ്രകൃതിയെയും വന്യജീവികളെയും സ്നേഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളും മൃഗശാല അധികൃതർ നടപ്പിലാക്കാറുണ്ട്. വിവിധ സീസണുകളുടെയും ഫെസ്റ്റിവലുകളുടെയും ഭാഗമായി ഇവിടെ ടിക്കറ്റ് നിരക്കിൽ ഇളവും നൽകാറുണ്ട്.