ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന നേട്ടം സ്വന്തമാക്കി യുഎഇ. പവർ ഇൻഡക്സ് റിപ്പോർട്ടിലാണ് യുഎഇ പാസ്പോർട്ട് മുൻപന്തിയിലെത്തിയത്. വർഷങ്ങളായി സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള നെതർലൻഡ്‌സിനെയാണ് യുഎഇ മറികടന്നത്.
യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തിലെ 180 രാജ്യങ്ങളാണ് സന്ദർശിക്കാൻ സാധിക്കുക. ഇതിൽ 131 രാജ്യങ്ങളിൽ മുൻകൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ നേടിയും പ്രവേശിക്കാം. പട്ടികയിൽ ജർമ്മനി, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ് എന്നിവയാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച് മുൻകൂർ വിസയില്ലാതെയും ഓൺ അറൈവൽ വിസനേടിയും 178 രാജ്യങ്ങളിൽ പ്രവേശിക്കാൻ സാധിക്കും.
സ്വീഡൻ, ഫിൻലൻഡ്, ലക്‌സംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച് 177 രാജ്യങ്ങളിൽ മുൻകൂട്ടി വിസനേടാതെ ഓൺ അറൈവൽ വിസനേടി പ്രവേശിക്കാൻ കഴിയും. ലിസ്റ്റിൽ ഇന്ത്യയ്ക്ക് 68-ാംസ്ഥാനമാണ്. ഗൾഫ് രാജ്യങ്ങളായ ഖത്തർ 44-ാം സ്ഥാനത്തും കുവൈത്ത് 45-ാം സ്ഥാനത്തും സൗദി അറേബ്യയും ബഹ്റൈനും 47-ാം സ്ഥാനത്തും ഒമാൻ 49-ാം സ്ഥാനത്തുമാണ്.