2024ലെ ഇന്ത്യ-സൗദി അറേബ്യ ഹജ്ജ് കരാർ നിലവിൽ വന്നു. ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽറബിഅയും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്. കരാർ അനുസരിച്ച് ഇത്തവണ ഇന്ത്യയിൽ നിന്ന് 1,75,025 തീർത്ഥാടകർക്ക് ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിക്കും.
ജിദ്ദയിലെ സൗദി ഹജ്ജ് ഉംറ ഓഫീസിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് ഈ വർഷത്തെ ഹജ്ജ് കരാർ ഇരുരാജ്യങ്ങളും പരസ്‌പരം കൈമാറിയത്. ജിദ്ദയിലെത്തിയ മന്ത്രി സ്‌മൃതി ഇറാനിയോടൊപ്പം ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഔസാഫ് സയ്യിദ് എന്നിവരുമുണ്ടായിരുന്നു.
മെഹ്റം ഇല്ലാതെ ഹജ്ജിനെത്തുന്ന സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ, തീർത്ഥാടകരുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കിയുള്ള ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ എന്നിവ കൂടിക്കാഴ്‌ചയിൽ മന്ത്രിമാർ ചർച്ച ചെയ്തു.