വാഹനത്തിന്റെ ഇടതു വശത്ത് ഹാർഡ് ഷോൾഡർ പൊസിഷനിലൂടെ ഓവർടേക്ക് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്ന് മാത്രമല്ല, ഗുരുതരമായ ഗതാഗത ലംഘനവുമാണ്. ഇത്തരം കുറ്റകൃത്യം തെളിഞ്ഞാൽ യുഎഇ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 42 പ്രകാരം കുറ്റവാളികൾക്ക് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഇത്തരമൊരു വീഡിയോ ആണ് അബുദാബി പോലീസ് പങ്കുവെച്ചത്.
യുഎഇയിലെ വിവിധ അധികാരികളുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, നിരുത്തരവാദപരമായ ഓവർടേക്കിംഗിലൂടെ ട്രാഫിക് നിയമങ്ങൾ പരസ്യമായി ലംഘിച്ച വീഡിയോ ആണ് പൊലീസ് പങ്കുവെച്ചത്. എമിറേറ്റിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക്ക് ക്യാമറകളിലൊന്നിൽ പതിഞ്ഞ ദൃശ്യമാണ്. ഒരു എസ്‌യുവി ഹാർഡ് ഷോൾഡറിൽ ഡ്രൈവ് ചെയ്യുന്നതും ഇടതുവശത്തെ ലെയിനിലെ മറ്റ് വാഹനമോടിക്കുന്നവരെ മറികടക്കുന്നതും കാണാം.
ഈ കുറ്റത്തിന് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ചുമത്തി. ഈ വാഹനത്തിന്റെ ഓവർടേക്കിങ്ങിനെ തുടർന്ന് മറ്റുവാഹനങ്ങൾ അടിയന്തരമായി ബ്രേക്ക് ചെയ്യേണ്ടി വന്നതാണ് ഇത്രയും പിഴ ലഭിക്കാൻ കാരണം. വലിയ കൂട്ടിയിടികൾക്കു കാരണമാകാവുന്ന നിയമ ലംഘനമാണ് ഡ്രൈവർ ചെയ്തതെന്നു പൊലീസ് അറിയിച്ചു.