പാലക്കാട് സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഒരാളും സഹായിയായ മറ്റൊരാളുമാണ് പിടിയിലായിരിക്കുന്നത്. ഇവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കേസിൽ ആകെ എട്ട് പ്രതികളുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഷാജഹാൻ വധക്കേസ് അന്വേഷിക്കാൻ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘത്തെ പ്രത്യേകം നിയോഗിച്ചിരുന്നു.
കൊല്ലപ്പെട്ട ഷാജഹാൻ പാലക്കാട് മരുത റോഡ് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് തയ്യാറാക്കിയ എഫ്ഐആർ. എട്ട് ബിജെപി പ്രവർത്തകർ ചേർന്ന് കഴുത്തിലും കാലിലും മാരകമായി പരുക്കേൽപ്പിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.