ഖത്തറിൽ കാൽപ്പന്ത് കളിയുടെ അരങ്ങുണരാൻ ഇനി ദിവസങ്ങൾ മാത്രം. ആരാധകർക്ക് ചാമ്പ്യൻസ് ട്രോഫിയും ഭാഗ്യ മുദ്രകളും നേരിട്ട് കാണാനും ചിത്രങ്ങൾ പകർത്താനും അവസരമൊരുക്കി ഏഷ്യൻ കപ്പ് ട്രോഫി ടൂർ ഒരുങ്ങി. വ്യാഴാഴ്ച തുടങ്ങിയ ട്രോഫി ടൂർ ജനുവരി 13 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകരുടെ ആവേശത്തിന് കൂടുതൽ കരുത്തേക്കും.
വ്യാഴാഴ്ച മുശൈരിബ് ഡൗൺ ടൗണിലായിരുന്നു ട്രോഫിയും സബൂഖ് കുടുംബവും ആരാധകരെ കാണാൻ എത്തിയത്. കൂടാതെ വെള്ളിയാഴ്ച പേൾ ഖത്തറിൽ വൈകുന്നേരം നാല് മണി മുതൽ രാത്രി എട്ടു മണിവരെ പ്രദർശനമുണ്ടാകും.
ജനുവരി ആറ് ശനിയാഴ്ച സൂഖ് വാഖിഫിൽ നാല് മണി മുതൽ എട്ടു മണി വരെയും, ഏഴിന് അൽ ഹസമിൽ ആറ് മണി മുതൽ 10 മണി വരെയും, എട്ടിന് വെസ്റ്റ് വാകിൽ നാല് മണി മുതൽ എട്ടു മണി വരെയും, 11ന് സിറ്റി സെന്റർ ദോഹ മാളിൽ നാല് മണി മുതൽ എട്ടു മണി വരെയും ട്രോഫി ടൂർ നടക്കും. കൂടാതെ 12ന് ദോഹ ഫെസ്റ്റിവൽ സിറ്റി നാല് മണി മുതൽ എട്ടു മണി വരെയും, 13ന് ദോഹ എക്സ്പോയിൽ നാല് മണി മുതൽ എട്ടു മണി വരെയും ട്രോഫി ട്രോഫി ടൂർ നടക്കും.