ന്യൂനമര്‍ദ്ദത്തിന്‍റെ തീവ്രത കുറഞ്ഞതിനാല്‍ യുഎഇയില്‍ ഉടനീളം മഴ രൂക്ഷമാകില്ലെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈയാഴ്ച യുഎഇയിൽ ഉടനീളം കനത്ത മഴയുണ്ടാകുമെന്ന നിഗമനത്തിനിടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പുതിയ അറിയിപ്പ്. അതേസമയം പൊടിക്കാറ്റും ചിലകേന്ദ്രങ്ങളില്‍ മഴയും തുടരും.
പ്രതിദിന അവലോകയോഗത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതിയ വിവരങ്ങൾ പങ്കുവച്ചത്. ന്യൂനമര്‍ദ്ദം തെക്കോട്ട് നീങ്ങുകയാണെന്നും യുഎഇ തീരത്ത് സ്വാധീനം കുറയുമെന്നുമാണ് ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നത്. അതേസമയം ചിലയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
കിഴക്ക് – അൽ ഐൻ ഉൾപ്പെടെ – രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലും പടിഞ്ഞാറ് അൽ ദഫ്ര മേഖലയിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ച പ്രവചിച്ചതിന് സമാനമായ മഴയുണ്ടാകില്ലെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അതേസമയം മിതമായ തെക്ക് കിഴക്കൻ കാറ്റ് വീശുന്നതിനാല്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങൾ നിറയും. ദൂരക്കാഴ്ചയെ സാരമായി ബാധിക്കുംവിധം പൊടിക്കാറ്റ് തുടരുമെന്നും വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മേഘാവൃതവും പൊടിപടങ്ങൾ നിറഞ്ഞതുമായ അന്തരീക്ഷമാണ് യുഎഇയില്‍ ഉടനീളം പ്രകടമാകുന്നത്.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന ശക്തമായ മുന്നൊരുക്കമാണ് യുഎഇ സ്വീകരിച്ചത്. ഡാമുകളിലെ അധികജലം ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിച്ചിരുന്നു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനൊപ്പം അപകട മേഖലകളില്‍ സുരക്ഷാ സേനയേയും വിന്യസിച്ചിരുന്നു. എന്നാല്‍ കിഴക്കന്‍ എമിറേറ്റുകളില്‍ സാമാന്യ മഴ മാത്രമാണ് പെയ്തത്.