ബിരുദ വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ. ജെസ്നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് സി.ബി.ഐ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത്. ജെസ്നയെ കണ്ടെത്താനായില്ലെന്നും ജെസ്നയ്ക്ക് എന്ത് സംഭവിച്ചു എന്നതിന് തെളിവില്ലെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണ് സിബിഐ കോടതിയിൽ വ്യക്തമാക്കിയത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ജെസ്നയെ 2018 മാർച്ച് 22-നാണ് എരുമേലിയിൽ നിന്ന് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് മാർച്ച് 23-നാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് ജെസ്ന കേസ് രജിസ്റ്റർ ചെയ്തത്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷണം നടത്തിയെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് 2021 ഫെബ്രുവരിയിലാണ് ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടത്.
തുടർന്ന് രാജ്യത്തിനകത്തും പുറത്തുമായി സി.ബി.ഐ അന്വേഷണം നടത്തുകയും ഇന്റർപോൾ വഴി 191 രാജ്യങ്ങളിൽ ജെസ്നയ്ക്കായി യെല്ലോ നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. എങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് സി.ബി.ഐ കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.