ദുബായിൽ പുതുവത്സരാഘോഷത്തിനിടെ വിനോദസഞ്ചാരിക്ക് നഷ്ടപ്പെട്ട 76,000 ദിർഹം അരമണിക്കൂറിനുള്ളിൽ കണ്ടെത്തി നൽകി ദുബായ് പോലീസ്. ഒരു വിനോദസഞ്ചാരിയിൽ നിന്നും 2024 ജനുവരി ഒന്നിന് പുലർച്ചെ രണ്ട് മണിക്കാണ് ഇത് സംബന്ധിച്ച് അതോറിറ്റിക്ക് ഒരു ഫോൺ കോൾ ലഭിച്ചത്.
ടാക്സിയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തൻ്റെ 76,000 ദിർഹമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതെന്നും വിളിച്ചയാൾ അറിയിച്ചു. പോലീസ് സംഘം ഉടൻ തന്നെ ടാക്സി തിരിച്ചറിയാനുള്ള ശ്രമം നടത്തി. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ടൂറിസ്റ്റ് തന്റെ ഹോട്ടലിലേക്ക് കൊണ്ടുപോയ ടാക്സി പോലീസ് വിജയകരമായി കണ്ടെത്തുകയും തുടർന്ന് പണമടങ്ങിയ പൗച്ച് തിരികെ നൽകാൻ ഡ്രൈവറുമായി പോലീസ് ആശയവിനിമയം നടത്തുകയായിരുന്നു.
പണം സൂക്ഷിച്ച് വച്ചതിനും അതിന്റെ ഉടമയായ വിനോദസഞ്ചാരിക്ക് തിരികെ നല്‍കിയതിനും പോലീസ് ടാക്സി ഡ്രൈവറെ പ്രശംസിച്ചു. ദുബായ് പോലീസ് ആപ്പിലെ ദുബായ് പോലീസ് ടൂറിസ്റ്റ് സർവീസ് വഴിയാണ് വിനോദസഞ്ചാരി പണം നഷ്ടപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്തത്.