പുതുവർഷ ആഘോഷങ്ങളുടെ ആരവം കെട്ടടങ്ങും മുൻപേ ഏഷ്യൻ കപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. ഈ പരിപാടികളുടെ പ്രധാനകേന്ദ്രമായി മാറുന്നത് ലുസൈൽ ബൊളെവാഡ് ആണ്. ഏഷ്യൻ കപ്പ് മത്സരം നടക്കാനിരിക്കവേ ഇവിടുത്തെ ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുകയാണ് ആഭ്യന്തര മന്ത്രാലയം.
ബൊളെവാഡിലും ചുറ്റുപാടിലുമുള്ള റോഡുകളിൽ ഞായറാഴ്ച മുതൽ ഫെബ്രുവരി 17 വരെ ഗതാഗത വിലക്ക് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫോക്സ് ഹിൽസ്, അൽ ജുമൈലിയ മുതൽ ലുസൈൽ ബൊളെവാഡ് വരെ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല എന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ ചുറ്റുഭാഗങ്ങളിലെ റോഡുകളിൽ വാഹന ഗതാഗതം അനുവദിക്കും. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി ബൊളെവാഡിൽ വെടിക്കെട്ടും ലേസർ ഷോയും നടന്നിരുന്നു. ജനുവരി 12ന് ആരാധകർഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന് പന്തുരുളുമ്പോൾ വിവിധ ആഘോഷ പരിപാടികളുടെ വേദികൂടിയായിരിക്കും ബൊളെവാഡ്.