തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. കപ്പത്തണ്ട് കഴിച്ച 13 പശുക്കളാണ് ചത്തത്. മികച്ച കുട്ടി ക്ഷീരകര്‍ഷകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച 17കാരന്‍ ജോര്‍ജിന്റെയും സഹോദരന്‍ മാത്യുവിന്റെയും പശുക്കളാണ് ചത്തത്. ഇവർക്ക് കൈത്താങ്ങാകുകയാണ് ജയറാമും ഓസ്ലാര്‍ സിനിമയുടെ അണിയറ പ്രവർത്തകരും.
തന്റെ പുതിയ ചിത്രമായ ഓസ്ലാര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപ ഇവര്‍ക്ക് നല്‍കുമെന്നാണ് ജയറാം അറിയിച്ചത്. അടുത്ത മാസം പതിനൊന്നിന് ഓസ്ലാറിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ തുകയാണ് കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയ്ക്കും മാത്യുവിനും നല്‍കുക.
ഇരുപത് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തുന്ന ആളാണ് താനെന്ന് ജയറാം പറഞ്ഞു. അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാം. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിലൊക്കെ താന്‍ തന്റെ ഫാമിലാണ് സമയം ചെലവഴിക്കുക. രണ്ടുതവണ ക്ഷിരകര്‍ഷകനുള്ള സര്‍ക്കാരിന്റെ പുരസ്‌കാരവും തനിക്ക് ലഭിച്ചിരുന്നു. ഈ കുട്ടികള്‍ക്കുണ്ടായ സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്. ഈ കുട്ടികളുടെ വിഷമം തനിക്ക് മനസിലാകും. ഇവരെ ഒന്ന് നേരിട്ടുകാണാന്‍ വേണ്ടി മാത്രമാണ് പോകുന്നതെന്നും ജയറാം പറഞ്ഞു.
കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതാണ് ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും മാത്യുവിന് ലഭിച്ചിരുന്നു. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പശുക്കള്‍ ചത്തുവീഴുന്നത് കണ്ട് മാത്യു ബോധരഹിതനായിരുന്നു. 2020 ഒക്ടോബറിലാണ് ഇവരുടെ പിതാവ് മരിച്ചത്.തുടര്‍ന്ന് പിതാവ് പരിപാലിച്ചിരുന്ന പശുക്കളുടെ ഉത്തരവാദിത്തം മക്കള്‍ ഏറ്റെടുക്കുകയായിരുന്നു.