കുവൈറ്റിലെ സ്വകാര്യമേഖലാ തൊഴിലാളികൾക്ക് തിങ്കളാഴ്ച മുതൽ പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതി. നിലവിലെ സ്പോൺസറിൽനിന്ന് എൻഒസി വാങ്ങണമെന്നതാണ് ഇതിനുള്ള പ്രധാന നിബന്ധന. തുടർന്ന് മാനവശേഷി വകുപ്പിൽനിന്ന് പെർമിറ്റ് എടുത്താൽ ദിവസേന പരമാവധി നാല് മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാം.
അതേസമയം മറ്റൊരു സ്ഥാപനത്തിൽ പോയോ റിമോട്ട് വർക്കായോ ജോലി ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തൊഴിൽ വിപണിയിൽ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ആണ് പാർട്ട് ടൈം ജോലി സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് വിദേശത്ത് നിന്ന് പുതിയ റിക്രൂട്ട്മെന്റ് ഒഴിവാക്കുന്നതോടൊപ്പം രാജ്യത്തിനകത്തുള്ള വിദേശികളെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ അഭാവം നികത്താനും കഴിയുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ കരാർ മേഖലയെ പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.