സൗദിയിലെ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ഇന്ത്യയിലെ കോൺസുലേറ്റുകളിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. തീരുമാനം ആഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ പ്രാബല്യത്തില്‍ വരും. മുബൈയിലുളള സൗദി കോണ്‍സുലേറ്റിലാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.
കേരളം പോലുള്ള തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങലില്‍ പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കാറുണ്ടെങ്കിലും വടക്കേ ഇന്ത്യയിൽ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. അടിയന്തിരമായി ജോലിയില്‍ പ്രവേശിക്കേണ്ടവര്‍ക്കും മറ്റും കാലതാമസം ഉണ്ടാകുന്നത് തിരിച്ചടിയാകും.
നേരത്തെ ഡൽഹിയിലെ സൗദി എംബസിയിൽ വിസ സ്റ്റാമ്പിങ്ങിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. അപേക്ഷകളില്‍ കാലതാമസം ഉണ്ടാകാതിരിക്കാനുളള നടപടികൾ കേരളാ പൊലീസ് നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേരളത്തില്‍ പാസ്പോർട്ട് ഓഫീസുകൾ മുഖേനയും ലഭ്യമാക്കുന്നുണ്ട്.