ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഐസിസിയുടെ നടപടി തിരിച്ചടിയായി. മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച് ഫീയുടെ 10 ശതമാനം ഇന്ത്യയ്ക്ക് പിഴയായി ലഭിച്ചു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിലപ്പെട്ട രണ്ട് പോയന്റും ഇന്ത്യൻ ടീമിന് നഷ്ടമായി. മത്സരത്തിൽ ഇന്നിങ്സിനും 32 റൺസിനുമാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.
ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ നിശ്ചിത സമയത്ത് എറിയേണ്ടതിനേക്കാൾ രണ്ട് ഓവർ പിന്നിലായിരുന്നു ഇന്ത്യ. മാച്ച് റഫറി ക്രിസ് ബ്രോഡാണ് പിഴ ചുമത്തിയത്. തോൽവിയും പോയൻ്റ് നഷ്ടവും വന്നതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താകുകയും ചെയ്തു.
ഈ വിജയത്തോടെ പോയിൻ്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസീലൻഡ്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവയാണ് ആദ്യ അഞ്ചിൽ ഉൾപ്പെട്ട മറ്റ് ടീമുകൾ. ജനുവരി മൂന്നിന് കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റിൽ മൂന്നാം ദിനംതന്നെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ അടുത്ത മത്സരത്തിലെ ജയം അനിവാര്യമാണ്.