പൊന്നാങ്കണ്ണി ചീര വിറ്റ് പണം സമ്പാദിക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? എങ്കിൽ അത് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഫുഡ് വ്ലോഗറായ ഫിറോസ് ചുട്ടിപ്പാറ. പാലക്കാട് ജില്ലയിലെ ചുട്ടിപ്പാറയിലാണ് ഏക്കറ് കണക്കിന് പരന്നുകിടക്കുന്ന ഫിറോസിന്റെ പൊന്നാങ്കണ്ണി ചീര തോട്ടം. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പാടത്ത് ജൈവ കൃഷിയിലൂടെയാണ് ഫിറോസ് ചീര വിളയിക്കുന്നത്. ആവശ്യക്കാർക്ക് ചീര തൈകൾ ഓൺലൈനായി എത്തിച്ചുനൽകുന്നുമുണ്ട് ഫിറോസ്.
കൃഷിയിൽ തല്പരനായ ഫിറോസ് ഹോബി എന്ന നിലയിലാണ് ആദ്യം പൊന്നാങ്കണ്ണി കൃഷി ചെയ്തു തുടങ്ങിയത്. എന്നാൽ പണ്ടു കാലങ്ങളിൽ വീടുകളിലും തൊടിയുമെല്ലാം സർവ്വസാധാരണമായി കണ്ടിരുന്ന ഈ ഇലച്ചെടി ഇന്നത്തെ തലമുറയ്ക്ക് ലഭ്യമല്ലെന്ന് മനസിലാക്കിയ ഫിറോസ് കേരളത്തിലെ എല്ലാ വീടുകളിലും പൊന്നാങ്കണ്ണി എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കൃഷി വ്യാപിപ്പിച്ചത്. ഇപ്പോൾ 2.5 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്ന ചീര അധികം വൈകാതെ 5.5 ഏക്കറിലേയ്ക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫിറോസ്.
തന്റെ പാഷൻ ഇപ്പോൾ ഒരു വരുമാന മാർഗം കൂടിയാണ് ഫിറോസിന്. ചീര തൈ ആവശ്യപ്പെട്ട് നിരവധി ഓർഡറുകളാണ് ദിവസേന ഫിറോസിനെത്തുന്നത്. വൈബ്സൈറ്റ് വഴിയാണ് ബിസിനസ് നടത്തുന്നത്. ഒരു തൈക്ക് 90 രൂപ എന്ന നിരക്കിലാണ് ഫിറോസ് ഈടാക്കുന്നത്. കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പൊന്നാങ്കണ്ണി പൈൽസിനും വളരെ ഗുണപ്രദമാണെന്നാണ് ഫിറോസ് പറയുന്നത്. ചീരയുടെ ഗുണഫലങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ നേടിയാണ് ഫിറോസ് തന്റെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നത്. വ്ലോഗർ എന്നതിനപ്പുറം ഒരു നല്ല കർഷകൻ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ.