മലയാള സിനിമ @2023

Date:

Share post:

2023 സിനിമാ ലോകത്തിന്റെയും പുതു പിറവിയായിരുന്നു. വിവിധ ഭാഷകൾ, വേറിട്ട ആശയങ്ങൾ, പുതിയ രൂപത്തിലും പുതിയ ഭാവത്തിലും സിനിമകൾ ജനിച്ചു. കയ്പ്പും മധുരവും നിറഞ്ഞ ‘ഫലം’ പോലെയായിരുന്നു സിനിമ. ചരിത്ര വിജയങ്ങൾ പോലെ തന്നെ കൂറ്റൻ പരാജയങ്ങളും സിനിമയുടെ കണക്ക് പുസ്തകത്തിൽ എഴുതിചേർക്കപ്പെട്ടു. പുതിയ പ്രതിഭകളെയും സിനിമ സമ്മാനിച്ചു. ലോക സിനിമയുടെ നെറുകയിൽ ഇന്ത്യൻ സിനിമയുടെ പേര് സ്വർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട വർഷം കൂടിയായിരുന്നു 2023.

ഭാഷാ അതിർത്തികൾക്ക് അപ്പുറം സിനിമ വളർന്നിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നിങ്ങനെയുള്ള ഭാഷാപരവും പ്രാദേശികവുമായ അതി‍ർത്തികൾക്ക് അപ്പുറം ഇന്ത്യൻ സിനിമയെന്ന മേൽവിലാസത്തിലാണ് ലോകം ബോളിവുഡിനെയും മോളിവുഡിനെയും കോളിവുഡിനെയും ടോളിവുഡിനെയുമെല്ലാം കാണുന്നത്. ഇനി, വീണ്ടുമൊരു പുതുവർഷം കൂടി പിറക്കുകയാണ്. സിനിമാ ലോകത്തിനും ഒരുപാട് പ്രതീക്ഷകൾ നൽകുന്ന പുത്തൻ കാലം.

2023 മലയാള സിനിമയ്ക്ക് വൻ വിജയങ്ങളും തകർച്ചകളും ഒരുപോലെ സമ്മാനിച്ച വർഷമാണ്. പകർച്ച വ്യാധികൾ കെട്ടടങ്ങിയ കാലം. തിയറ്ററിൽ നിന്ന് സിനിമ ഒടിടിയിലേക്ക് ചേക്കേറിയത് ഈ വർഷമാണ്. പക്ഷെ, ഇനി സിനിമയെ ഓൺലൈൻ ഭരിക്കുമെന്ന് വിധിയെഴുതിയവർ തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് സിനിമാപ്രേമികൾ വീണ്ടും തിയേറ്ററുകളിൽ തിരിച്ചെത്തി. 2023 ൽ പുറത്തിറങ്ങിയ 217 സിനിമകളിൽ 20 മുതൽ 25 വരെ മാത്രമേ പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചിട്ടുള്ളൂ.

‘ഓം ശാന്തി ഓശാന’,’ ഒരു മുത്തശ്ശി ഗദ’, ‘സാറാസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ ശക്തമായ തിരിച്ചു വരവായിരുന്നു ‘2018 എവരിവൺ ഈസ് എ ഹീറോ’. 2018 ഇൽ കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തെ വൻ താരനിരയുടെ സാന്നിധ്യത്തിൽ വെള്ളിത്തിരയിൽ എത്തിച്ചപ്പോൾ ലഭിച്ചത് ഇന്ത്യയുടെ ഓസ്കാർ എൻട്രി എന്ന ബഹുമതിയാണ്. ‘സെപ്റ്റിമിയസ്’ അവാർഡിലെ മികച്ച ഏഷ്യൻ നടനുള്ള അവാർഡും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോയെ തേടിയെത്തിയത് ഇരട്ടി മധുരമായി. ഡോ. ബിജു സംവിധാനം ചെയ്ത ‘അദൃശ്യ ജാലകങ്ങൾ ‘ എസ്തോണിയയിൽ നടന്ന 27 ആമത് ടാലിൻ ബ്ലാക്ക് നൈറ്റ്‌സ് ഇന്റർനാഷണൽ ഫിലിം അവാർഡിൽ മലയാളത്തിന്റെ ഖ്യാതി വാനോളം ഉയർത്തി.

ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പ്രേക്ഷകരുടെയും തിയറ്ററുകളുടെയും അഭാവം കാരണം പ്രദർശിപ്പിക്കാൻ കഴിയാത്ത നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിരുന്നു. ആർ കൃഷാന്ദിന്റെ ‘പുരുഷപ്രേതം’ OTT-ൽ പ്രീമിയർ ചെയ്യുകയും വർഷത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സൃഷ്ടികളിലൊന്നായി മാറുകയും ചെയ്തു. അങ്ങനെ, തിയേറ്ററുകളിൽ വേണ്ടത്ര വിജയം നേടാനാകാത്ത ചില ചിത്രങ്ങൾ OTT-യിൽ എത്തിയപ്പോൾ പ്രേക്ഷകരെ കീഴടക്കി.

മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങൾ ഈ വർഷം തിയറ്ററുകളിൽ ഹിറ്റ്‌ അടിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് തിളക്കത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ‘കണ്ണൂർ സ്‌ക്വാഡിലെയും കാതൽ – ദി കോറിലെയും’ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ട് കഥാപാത്രങ്ങളിലൂടെ വീണ്ടും മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചു. അതിനിടയിൽ ഒരു ‘ക്രിസ്റ്റഫറും’ തെലുങ്കിൽ നിന്ന് ‘ഏജന്റും’ ഉണ്ടായിരുന്നു. പക്ഷെ ഈ പരാജയങ്ങൾ മറ്റ് സിനിമകളെ ബാധിച്ചില്ല.

മറുവശത്ത്, മോഹൻലാൽ എന്ന നടന് 2023 കയ്പ് നിറഞ്ഞ വർഷമായിരുന്നു. ‘സൂപ്പർ സ്റ്റാർ രജനികാന്ത് സിനിമയിലെ (ജയിലർ) കാമിയോ റോൾ അല്ലാതെ നടന് മലയാളത്തിൽ തിളക്കമാർന്ന വിജയം കൈവരിക്കാനായില്ല. നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ആ മഹാനടന്റെ തിരിച്ചു വരവിന് കാത്തിരുന്ന ആരാധകർക്ക് മുന്നിലേക്ക് വീണ്ടും ആ വിജയ കോമ്പോ എത്തി. 2023 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ‘നേര്’ തിയറ്ററുകളിൽ വലിയ വിജയമായി മാറി. അടുത്ത വർഷത്തേക്ക് തിയറ്ററുകൾ ബുക്ക്‌ ചെയ്തുകൊണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. ലൂസിഫർ 2, റാം, മലൈക്കോട്ടയ് വാലിബൻ…വിജയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഒപ്പം, ‘ബറോസി’ലൂടെ സംവിധായകന്റെ കുപ്പായവും അണിയുകയാണ് മോഹൻലാൽ.

‘അൺപ്രൊഫഷണലിസവും അനുസരണ ക്കേടും’ എന്ന പേരിൽ സിനിമാ മേഖല വിലക്കേർപ്പെടുത്തിയപ്പോഴും ഷെയ്ൻ നിഗം വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്നു. വിവാദങ്ങൾ വിനായകന് പുത്തരിയല്ല. പക്ഷെ, ഇകഴ്ത്തി പറഞ്ഞവരെ കൊണ്ട് തന്നെ പുകഴ്ത്തി പറയിപ്പിച്ച മികച്ച അഭിനേതാവായി വിനായകൻ മാറി. മാസ്സ് വില്ലനിസം കാണിച്ച് സാക്ഷാൽ രജനികാന്ത് സിനിമയിൽ (ജയിലർ) മരണ മാസ്സ് അഭിനയം കാഴ്ച്ചവച്ച വിനായകനെയാണ് 2023 ഇൽ കാണാൻ സാധിച്ചത്. വിനായകന്റെ നിലപാടുകളോട് പൊരുത്തപ്പടാൻ കഴിഞ്ഞില്ലായിരിക്കും പക്ഷെ, അദ്ദേഹത്തിന്റെ അഭിനയത്തോട് ലൈക്‌ അടിക്കാതിരിക്കാൻ കഴിഞ്ഞില്ല. അഭിനയത്തോട് മാത്രമല്ല ജീവിതത്തോടും 100 % പ്രൊഫഷണൽ ആണ് സാറേ…

സംവിധായാകന്റെ കുപ്പായത്തോടൊപ്പം ഹാസ്യ കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് ബേസിൽ ജോസഫ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി. ‘കഠിന കഡോരമീ അണ്ഡകടാഹവും’ ഏറ്റവും പുതിയ ചിത്രമായ ‘ഫാലിമി’യും അതിന് ഉദാഹരണമാണ്. പുതുമുഖങ്ങളും സൗബിൻ ഷാഹിറും അർജുൻ അശോകനും എത്തിയപ്പോൾ വെള്ളിത്തിരയിലും പ്രേക്ഷകർക്കിടയിലും ‘രോമാഞ്ച’മുണ്ടായി. റോഷൻ മാത്യുവിന്റെ വൈവിധ്യം അദ്ദേഹം അവതരിപ്പിച്ച വേഷങ്ങളുടെ ശ്രേണിയിലൂടെ മുന്നിലെത്തി. ബോളിവുഡിലും റോഷൻ തന്റേതായ ഇടം സൃഷ്ടിച്ചു. മാത്യു തോമസും നസ്‌ലെൻ കെ ഗഫൂറും ശ്രദ്ധിക്കേണ്ട അഭിനേതാക്കളായി സ്വയം സ്ഥാപിച്ചു. ജോജു ജോർജ് ചിത്രങ്ങളിൽ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിരുന്നു. ബിജു മേനോന്റെ ശക്തമായ തിരിച്ചു വരവായിരുന്നു ‘ഗരുഡനിലൂടെ’ മലയാള സിനിമ കണ്ടത്. ‘ആർ ഡി എക്സ്, ‘നെയ്മർ’,’പ്രണയവിലാസം’, പൂക്കാലം’… ബോക്സ് ഓഫീസ് ഹിറ്റുകൾ നിരവധി.

അഭിനേതാക്കളുടെ പുതിയ വിളവെടുപ്പ് നടന്ന സമയം കൂടിയായിരുന്നു 2023. കല്യാണി പ്രിയദർശൻ, രജിഷ വിജയൻ, അഞ്ജന, ദർശന രാജേന്ദ്രൻ, വിൻ സി അലോഷ്യസ് എന്നിവരും തങ്ങളുടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘രേഖ’യിലൂടെ വിൻസിയെ തേടിയെത്തിയ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ഒരു തുടക്കക്കാരിയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു. നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഏറ്റവുമധികം വെള്ളിത്തിര കീഴടക്കിയ വർഷം കൂടിയായിരുന്നു 2023. മഞ്ജു വാരിയർ നിലമ്പൂർ ആയിഷയായി എത്തിയ ‘ആയിഷ’, അനാർക്കലി മരയ്ക്കാറിന്റെ ‘ബി 32 മുതൽ 44 വരെ’, കല്യാണി പ്രിയദർശന്റെ ശേഷം ‘മൈക്കിൽ ഫാത്തിമ’, ശ്രുതി രാമചന്ദ്രന്റെ ‘നീരജ’…. ഒരു നീണ്ട നിര തന്നെയുണ്ട്. വർഷങ്ങളോളം സിനിമയുടെ പിന്നിൽ വസ്ത്രാലങ്കാരം നിർവഹിച്ച സ്റ്റെഫി സേവ്യറുടെ ആദ്യ സംവിധാന സംരംഭമായ ‘മധുര മനോഹര മോഹം ‘ സിനിമയുടെ പേരുപോലെ തന്നെ തിയറ്ററുകളിൽ പ്രേക്ഷകരുടെ മനം കവർന്ന ‘മധുര മനോഹര’ ചിത്രമായിരുന്നു.

ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’ ഗുണ്ടാ യുദ്ധങ്ങളുടെയും പകപോക്കലിന്റെയും പഴയകാല കഥയുമായി വൻ ഹൈപ്പിലെത്തിയ പാൻ ഇന്ത്യൻ ചിത്രമായിരുന്നു. എന്നാൽ പ്രേക്ഷകരുമായി ബന്ധപ്പെടുന്നതിൽ ചിത്രം പരാജയപ്പെട്ടു. നിവിന്റെ ‘രാമചന്ദ്ര ബോസ് ആൻഡ് കോയും’ നിരാശപ്പെടുത്തി. മഞ്ജു വാര്യരുടെ ‘ആയിഷയും’ സെന്ന ഹെഗ്‌ഡെയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പത്മിനിയും’ പ്രതീക്ഷകൾ തെറ്റിച്ചു.

നഷ്ടങ്ങളുടെ 2023

മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ വർഷം കൂടിയാണ് 2023. അഭിനയത്തിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മനം കവർന്ന താരങ്ങളുടെ അപ്രതീക്ഷിത വിയോഗം മോളിവുഡിനെ തളർത്തി. നർത്തകിയായും അവതാരികയായും ഹാസ്യ താരമായുമെല്ലാം ബിഗ് സ്ക്രീനിലും മിനി സ്‌ക്രീനിലും നിരവധി സ്റ്റേജ് ഷോകളിലും തിളങ്ങിയ സുബി സുരേഷിന്റെ മരണം ഞെട്ടലോടെയാണ് സിനിമലോകം കേട്ടത്. മലയാളികളുടെ പ്രിയപ്പെട്ട ഇന്നച്ചനും (ഇന്നസെന്റ്) വിടവാങ്ങി. അഞ്ഞൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു.

‘കള്ളനായിന്റെ മോനെ ‘ എന്ന് സിനിമയിലെ സൂപ്പർ സ്റ്റാറുകളെ പോലും വിളിക്കാൻ അവകാശമുള്ള ഒരു നടനുണ്ടായിരുന്നു. കോഴിക്കോട്ടുകാരൻ മാമുക്കോയ. ഹാസ്യ വേഷങ്ങൾ മാത്രം അവതരിപ്പിച്ച് കണ്ട മാമുക്കോയയെ മികച്ച ക്യാരക്ടർ റോളുകളിലും 2023 ഇൽ കാണാൻ സാധിച്ചു. ഏപ്രിൽ 26 നായിരുന്നു അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. ഹാസ്യ നടനായും സ്വഭാവ നടനായും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച പൂജപ്പുര രവി ജൂൺ 18 നാണ് ലോകത്തോട് വിടപറഞ്ഞത്. മിമിക്രി, സിനിമാ താരം സുധി കൊല്ലത്തിന്റെ വിയോഗം കലാലോകത്തിന്റെ തീരാവേദനയാണ്.

മലയാളി മനസ്സുകളിൽ ചിരി പടർത്തിയ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ സിദ്ദിഖിന്റെ മരണവും അപ്രതീക്ഷിതമായിരുന്നു. സിനിമാ സീരിയൽ താരമായ കൈലാസ നാഥന്റെ വിയോഗം ബിഗ് സ്ക്രീൻ പ്രേക്ഷകരെക്കാൾ വേദനിപ്പിച്ചത് മിനി സ്ക്രീൻ പ്രേക്ഷകരെയാണ്. കാരണം സീരിയലുകളിലൂടെ എന്നും മലയാളിയുടെ വീടുകളിൽ എത്തിയ മികച്ച അഭിനേതാവായിരുന്നു കൈലാസ നാഥൻ. മിമിക്രി, സിനിമാ, സീരിയൽ താരമായ കലാഭവൻ ഹനീഫിന്റെ വിയോഗവും ഏവരെയും സങ്കടത്തിലാഴ്ത്തി.

കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തവരായിരുന്നു ഹരീഷ് പെങ്ങനും വിനോദ് തോമസും. കരൾ സംബന്ധമായ അസുഖം മൂലമായിരുന്നു ഹരീഷിന്റെ മരണം. എന്നാൽ സ്വന്തം കാറിനുള്ളിലെ വിഷവാതകം ശ്വസിച്ച് മരണം തട്ടിയെടുത്തതാണ് വിനോദിനെ.

സീരിയൽ, സിനിമാ താരങ്ങളായ രഞ്ജുഷ മേനോനും അപർണ നായരും സ്വയം മരണത്തെ വരിക്കുകയായിരുന്നു. മലയാളത്തിലെയും തമിഴിലെയും പ്രിയപ്പെട്ട മുത്തശ്ശി ആയിരുന്നു സുബ്ബലക്ഷ്മിയമ്മ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആ അതുല്യ കലാകാരിയും മരണത്തിന് കീഴടങ്ങി.

 

ഇന്ത്യൻ സിനിമ 2023

വാണിജ്യ പരമായി പുതിയ വിപണികൾ കണ്ടെത്തുന്നതും വിദേശ രാജ്യങ്ങളിൽ പ്രേക്ഷക പിന്തുണ കൂടുന്നതും ഗോൾഡൻ ഗ്ലോബും ഓസ്കാർ പുരസ്കാരവുമടക്കം നേടി വാണിജ്യപരമായും കലാപരമായും സിനിമകൾ വളരുകയും ചെയ്യുന്ന മികച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ ഇന്ത്യൻ സിനിമകൾ കടന്നു പോകുന്നത്. 2023 ൽ 1000 കോടി ക്ലബ് നേട്ടം സ്വന്തമാക്കിയ ഷാരുഖ് ഖാൻ്റെ ‘പത്താനും”ജവാനും’ അതിന് ഉദാഹരണമാണ്.

തമിഴിൽ നിന്ന് പൊന്നിയിൻ സെൽവനും ജയിലറും ലിയോയും ജിഗിർതണ്ട ഡബിൾ എക്സും മാർക്ക്‌ ആന്റണിയും മാവീരനും മാമന്നനും പോർ തൊഴിലും ഗുഡ് നൈറ്റും വാത്തിയും ഡാഡയും വാരിസും തുനിവുമെല്ലാം തിയ്യറ്റർ ഹിറ്റായിരുന്നു. തെലുങ്കിൽ പ്രഭാസിന്റെ തിരിച്ചു വരവായിരുന്നു ‘സലാർ’. ഹിന്ദിയിൽ പുതിയ ചരിത്രമെഴുതി രൺബീർ കപൂറുമെത്തി, ‘അനിമലിലൂടെ’. ലോക സിനിമ ഏറെ ചർച്ച ചെയ്ത ചിത്രമാണ് ആണവായുധങ്ങൾ വികസിപ്പിക്കുന്ന ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹെയ്മറിന്റെ ജീവിതത്തെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺ ഹെയ്‌മർ’. ഭാഷാഭേദമന്യേ ലോകം മുഴുവൻ കണ്ട സിനിമ.

2024 ലെ മലയാളം റിലീസുകൾ

2024 ഇൽ തിയറ്റർ ഇളക്കി മറിക്കാൻ മലയാളത്തിന്റെ പ്രതീക്ഷകൾ അണിയറയിൽ ഒരുങ്ങുകയാണ്. ഭൂതത്തിന്റെ കഥ പറയുന്ന ‘ബറോസ്’, നിഗൂഢത നിറഞ്ഞ ‘മലൈക്കോട്ടയ് വാലിബൻ, ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണെന്ന് ‘പറഞ്ഞ ബെന്യാമിന്റെ എഴുത്തിൽ ലോകം വായിച്ച യഥാർത്ഥ ജീവിത കഥ ‘ആടു ജീവിതം’, ‘ലൂസിഫർ 2’, ‘കത്തനാർ’, ‘എബ്രഹാം ഓസ്ലർ’, ‘ഭ്രമയുഗം’… 2024ഉം ഞാനിങ്ങ് എടുക്കുവാ,
എന്ന് സ്വന്തം ‘മോളിവുഡ്’

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...