യുഎഇയിൽ അവയവം ദാനം ചെയ്യുന്നവർക്കും സ്വീകരിക്കുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ നിർദേശം. അവയവം, മൂലകോശം എന്നിവ ദാനം ചെയ്യുന്നത് ഇൻഷുറൻസിൽ ഉൾപ്പെടുത്തണമെന്ന് യുഎഇയിലെ ദേശീയ അവയവദാന പദ്ധതിയായ ഹയാത്ത് ആവശ്യപ്പെട്ടു.
അവയവ ദാനവും സ്വീകരിക്കലും രോഗിയുടെ അവകാശമാണെന്ന് പുതിയ നിയമത്തിൽ പറയുന്നുണ്ടെന്നും അതിനാൽ ഇത് ഇൻഷുറൻസ് പരിരക്ഷയുടെ ഭാഗമാക്കണമെന്നും ദുബായ് ഹെൽത്ത് അതോറിറ്റി ആരോഗ്യ നിയന്ത്രണ വിഭാഗം സിഇഒ ഡോ. മർവാൻ അൽ മുല്ല പറഞ്ഞു. ദുബായിൽ ഇത് നിർബന്ധമാക്കാൻ ഹെൽത്ത് അതോറിറ്റി ദേശീയ കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അവയവ ദാന ചികിത്സ ഇൻഷുറൻസിൽ നിന്ന് ഒഴിവാക്കുന്നത് തുടർ ചികിത്സ സങ്കീർണമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചികിത്സയുടെ ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കുന്നതോടെ കൂടുതൽ പേർ അവയവ ദാനത്തിന് മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശസ്ത്രക്രിയ, തുടർ ചികിത്സ, പരിചരണം തുടങ്ങിയവയ്ക്ക് ഭീമമായ തുക ചെലവാകുന്നതാണ് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്നും ഡോ. മർവാൻ അൽ മുല്ല വ്യക്തമാക്കി.