രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ന്യായ് യാത്ര’ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. ജനുവരി 14ന് മണിപ്പൂരിൽ ആരംഭിക്കുന്ന യാത്ര മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും. 14ന് ഇംഫാലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഭാരത് ന്യായ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.
14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്താണ് രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര പൂർത്തിയാകുക. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, ഛത്തീസ്‌ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. 6,200 കിലോമീറ്റർ ദൂരമാണ് പിന്നിടുക.
ബസിലും കാൽനടയായുമാണ് ഇത്തവണ യാത്ര നടത്തുന്നത്. ഭാരത് ജോഡോ യാത്ര പൂർണ്ണമായും പദയാത്രയായിരുന്നെങ്കിൽ ഭാരത് ന്യായ് യാത്ര ബസിലും ഉണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള യാത്രയല്ല ഇതെന്നും മണിപ്പൂരിലെ മുറിവ് ഉണക്കാൻ കൂടിയുള്ളതാണെന്നും വേണുഗോപാൽ വ്യക്തമാക്കി.