ഹത്ത ഹണി ഫെസ്റ്റിവലിന്റെ എട്ടാമത് പതിപ്പിന് ഇന്ന് തുടക്കം. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ അറുപതോളം എമിറാത്തി തേനീച്ച കർഷകർ തങ്ങളുടെ തേൻ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കും. ദുബായ് മുനിസിപ്പാലിറ്റിയുടെ ഹത്ത ഹാളിൽ നടക്കുന്ന മേളയിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക.
യുഎഇയിലെ തേൻ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുക, തേൻ കർഷകർക്ക് ആവശ്യമായ സഹായം നൽകുക, പൗരന്മാരുടെ വ്യാപാരത്തെ സഹായിക്കുക, മേഖലയിലെ ജനങ്ങൾക്ക് വാണിജ്യ – ടൂറിസം അവസരങ്ങൾ തുറന്ന് കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവൽ വേദിയിലുള്ള തേനുകൾ പരിശോധിച്ച് അവയുടെ ഗുണനിലവാരം സന്ദർശകർക്ക് നേരിട്ടറിയുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
തേനീച്ച വളർത്തലിനെക്കുറിച്ച് കുട്ടികൾക്കും മുതിർന്നവർക്കും അവബോധം സൃഷ്ടിക്കാനുള്ള അവസരം കൂടിയാണ് ഇതുവഴി സംഘാടകർ ഒരുക്കുന്നത്. വിവിധതരം തേനുകൾ, അവയുടെ ഗുണങ്ങൾ, രുചി, ഉല്പാദന രീതി, തേൻ ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധ ഉല്പന്നങ്ങൾ എന്നിവയെല്ലാം ജനങ്ങൾക്ക് മനസിലാക്കാനും ഫെസ്റ്റിവൽ വേദി ഗുണപ്രദമാകും. തേനീച്ച കൃഷിയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.