ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ഇന്ന് ചുമതലയേറ്റെടുക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. ഉച്ചക്ക് 12.30ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
രാജസ്ഥാനിലെ ജൂൺ ജനു സ്വദേശിയായ ജഗ്ദീപ് ധൻകർ
രാജ്യത്തിന്റെ പതിനാലാം ഉപരാഷ്ട്രപതിയായിട്ടാണ് ഇന്ന് സ്ഥാനമേല്‍ക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി , കേന്ദ്രമന്ത്രിമാർ, എംപിമാർ ,സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി എം .വെങ്കയ്യ നായിഡു എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിക്കും. ജഗ്ദീപ് ധൻകർ തന്നെയാണ് ഇനിമുതൽ രാജ്യസഭാ ചെയർമാൻ.
എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ധൻകറിന് തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ സർട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മിഷൻ കൈമാറിയിരുന്നു.
ഇതും സത്യപ്രതിജ്ഞാ ചടങ്ങിൽ വായിക്കും. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച വ്യക്തി എന്ന പ്രത്യേകത കൂടി ജഗ്ദീപ് ധൻകറിനുണ്ട്.