പണപ്പെരുപ്പം രൂക്ഷമായതോടെ കുവൈത്തിൽ ജീവിതച്ചെലവ് വർധിക്കുന്നു. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതായാണ് റിപ്പോർട്ട്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രവാസികൾ.
കേന്ദ്ര സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ പ്രകാരം നവംബറിൽ ഉപഭോക്തൃ വിലസൂചികയിൽ 3.79 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം രൂക്ഷമായതോടെ അവശ്യവസ്തുക്കളുടെ ഉൾപ്പെടെ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഫ്രോസൺ ചിക്കൻ കാർട്ടണിന് എട്ട് ദിനാർ 900 ഫിൽസ് ഉണ്ടായിരുന്നത് ഇപ്പോൾ 15 ദിനാർ 900 ഫിൽസായി വർധിച്ചതായി കുവൈത്ത് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ചെയർപേഴ്സൺ ഖാലിദ് അൽ സുബൈ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വില ഇനിയും വർധിക്കുമെന്നാണ് സൂചന.
വിലക്കയറ്റം തടയുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നിരീക്ഷണം ശക്തമാക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.