കഴിഞ്ഞ ആറ് മാസത്തിനിടെ യാത്രക്കാര്‍ ദുബായിലെ ടാക്സികളിലും ബസുകളിലും മെട്രോയിലും മറന്നുവച്ച സാധനങ്ങളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഗതാഗത വകുപ്പ്. മൊബൈല്‍ ഫോണ്‍ മുതല്‍ ലക്ഷങ്ങൾവരെ മറന്നുവന്ന സാധനങ്ങളുടെ പട്ടികയിലുണ്ട്.
മറവിയുടെ പട്ടികയില്‍ 44,062 സാധനങ്ങളാണ് ഇടംപിടിച്ചത്. പണമായി മറന്നുവച്ചതില്‍ 2.27 കോടി രൂപ( 12,72,800 ദിര്‍ഹം) ഉണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 12,410 മൊബൈല്‍ ഫോണുകളും 2819 ഇലക്ട്രിക് ഉപകരണങ്ങളും വാഹനങ്ങളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതേസമയം 766 പേര്‍ പാസ്പോര്‍ട്ടുകൾ മറന്നെന്നും 342 പേര്‍ ലാപ്ടോപ്പുകൾ മറന്നവരാണെന്നും കണക്കിലുണ്ട്.
മറന്നുവെച്ച സാധാനങ്ങൾ പൊലീസില്‍ ഏല്‍പ്പിക്കുകയൊ ഉടമകൾക്ക് എത്തിച്ചുനല്‍കുകയൊ ചെയ്യുന്ന ഡ്രൈവര്‍മാരെ എക്സലെന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസം ദുബൈ ടാക്സിയിൽനിന്ന് ലഭിച്ച 10 ലക്ഷം ദിർഹം അടങ്ങിയ ബാഗ് തിരിച്ചേൽപിച്ച ഡ്രൈവറെ ദുബായ് ഗതാഗത വകുപ്പ് പ്രത്യേക അനുമോദിച്ചിരുന്നു. ഇത്തരം പ്രവൃത്തികൾ വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും രാജ്യത്തെക്കുറിച്ചുളള മതിപ്പ് വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഗതാഗതഗത വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാക്കുന്ന പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോവുകയാണ്. കസ്റ്റമര്‍ ഹാപ്പിനെസ് സന്‍ററുകളില്‍ ലഭ്യമായ ഫോണ്‍ കോളുകളില്‍ 51 ശതമാനവും ബസ് ടാക്സി സേവനങ്ങളെ കുറിച്ചായിരുന്നെന്നും എട്ട് ശതമാനം കോളുകൾ പാര്‍ക്കിംഗുകൾ സംബന്ധിച്ചാണെന്നും അധികൃതര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് 24 ശതമാനവും നോൾ കാർഡ് ഉപയോഗത്തെക്കുറിച്ച് നാല് ശതമാനം പരാതികൾ ഉണ്ടായി. 98 ശതമാനം പരാതികൾക്കും ത്വരിതഗതിയില്‍ പരിഹാരം കാണാനായെന്നും ആര്‍ടിഎ സൂചിപ്പിച്ചു.