സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ് . ലോകമെമ്പാടും പ്രാര്‍ഥനയോടെ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ‘ഇന്ന് നമ്മുടെ ഹൃദയം ബത്‌ലഹേമിൽ ആയിരിക്കും. അവിടെ സമാധാനത്തിന്‍റെ രാജകുമാരൻ യുദ്ധത്തിന്‍റെ വ്യർഥമായ യുക്തിയാൽ ഒരിക്കൽ കൂടി നിരാകരിക്കപ്പെട്ടിരിക്കുന്നു. യേശു ജനിച്ച മണ്ണിൽ തന്നെ സമാധാന സന്ദേശം മുങ്ങി മരിച്ചുകൊണ്ടിരിക്കുകയാണ്. ബത്‌ലഹേം ആഘോഷ രാവുകൾക്ക് സാക്ഷിയാകുന്നതിന് ഗസ്സയിൽ സമാധാനം പുലരണമെന്നും മാർപ്പാപ്പ ചൂണ്ടിക്കാട്ടി. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നൽകിയ ക്രിസ്മസ് സന്ദേശത്തിലാണ് സമാധാനത്തിനായി മാർപ്പാപ്പ അഭ്യർഥിച്ചത്.
“സമാധാനവും സ്നേഹവുമാണ് ക്രിസ്മസിന്റെ യഥാർഥ സന്ദേശം. ലൗകിക വിജയത്തിലും ഉപഭോക്തൃ വിഗ്രഹാരാധനയിലും ആളുകൾ ഒരിക്കലും ഭ്രമിക്കരുത്. നേട്ടങ്ങളിൽ മുഴുകിയ ലോകവും ലൗകിക ശക്തിക്കും പ്രശസ്തിക്കും മഹത്വത്തിനും വേണ്ടിയുള്ള അന്വേഷണവും വിജയങ്ങളും ഫലങ്ങളും സംഖ്യകളും കണക്കുകളും, ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ എല്ലാം അളക്കുന്നുവെന്നും മാർപ്പാപ്പ വ്യക്തമാക്കി.
അതേസമയം യേശു പിറന്ന ബത്‌ലഹേമിൽ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളില്ല. ക്രിസ്മസിനോട് അനുബന്ധിച്ച് ആയിരങ്ങൾ എത്താറുള്ള ബത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിയും പരിസരവും ഈ ക്രിസ്മസിന് വിജനമായി കിടക്കുകയാണ്. ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് ബത്‌ലഹേമിലെ ക്രൈസ്തവ വിശ്വാസികൾ ആഘോഷം ഉപേക്ഷിച്ചത്. ക്രിസ്മസ് ദിനത്തിന്‍റെ തലേദിവസം വിപുലമായ രീതിയിലാണ് ബത്‌ലഹേമിൽ തിരുപ്പിറവി ആഘോഷങ്ങളും ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ പ്രാർഥനകളും സാധാരണയായി നടക്കാറുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്ന് വിശ്വാസികൾ ക്രിസ്മസ് സമയത്ത് ജറുസലേമിൽ എത്താറുമുണ്ട്.
ഗസ്സയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ബത്‌ലഹേം ഇവാഞ്ചലിക്കൽ ലുഥറൻ ചർച്ച് പാസ്റ്റർ റവ. ഡോ. മുൻതർ ഐസക് ആവശ്യപ്പെട്ടു. മാത്രമല്ല, യേശു ഇപ്പോഴാണ് പിറക്കുന്നതെങ്കിൽ ഗസ്സയിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിലായിരിക്കുമെന്നും മുൻതർ ഐസക് ചൂണ്ടിക്കാട്ടി. ‘നാം ശക്തിയിലും ആയുധങ്ങളിലും ആശ്രയിക്കുമ്പോൾ, കുട്ടികൾക്ക് നേരെയുള്ള ബോംബാക്രമണത്തെ ന്യായീകരിക്കുമ്പോൾ, യേശു അവശിഷ്ടങ്ങൾക്ക് അടിയിലാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ക്രിസ്ത്യൻ സഭകൾ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. കൂടാതെ യേശുവിന്റെ ജന്മസ്ഥലത്ത് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ആഘോഷിക്കാൻ കഴിയില്ലെന്ന് സിറിയൻ കാത്തലിക് ആർച്ച് ബിഷപ്പ് മോർ ഡയോനിസസ് അന്റോണി ഷഹദയും അറിയിച്ചു. ഗ്രീക്ക് ഓർത്തഡോക്സ് സഭ, മെൽകൈറ്റ് ഗ്രീക്ക് കാത്തലിക് പാത്രിയാർക്കീസ്, സിറിയൻ ഓർത്തഡോക്സ് സഭ തുടങ്ങിയവയും ആഘോഷം പരിമിതപ്പെടുത്തുമെന്ന് അറിയിച്ചു.