സാമ്പത്തിക രംഗത്ത് അതിവേഗം വളർന്ന് യു.എഇ. അറബ് മോണിറ്ററി ഫണ്ടി(എ.എം.എഫ്)ന്റെ സാമ്പത്തിക മൽസരക്ഷമത സൂചിക റിപ്പോർട്ടിൽ യുഎഇ ശക്തമായ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. അറബ് മേഖലയിൽ സാമ്പത്തിക രംഗത്ത് ഏറ്റവും മൽസരക്ഷമതാ കാണിക്കുന്ന രാജ്യമെന്ന പദവിയാണ് സൂചികയിൽ യുഎഇ നേടിയിട്ടുള്ളത്. അതിവേഗം വളരുന്ന അറബ് മേഖലയിലെ വിവിധ സമ്പദ്വ്യവസ്ഥകൾക്കിടയിൽ യുഎഇയുടെ നേട്ടം വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ബിസിനസിനും വാണിജ്യ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകുന്ന രാജ്യത്തിന്റെ നിലപാടാണ് സാമ്പത്തിക മൽസരക്ഷമതയിൽ രാജ്യത്തെ മുന്നിൽ എത്തിച്ചത്.
അറബ് മോണിറ്ററി ഫണ്ടിന്റെ സാമ്പത്തിക മൽസരക്ഷമതാ സൂചിക റിപ്പോർട്ടിന്റെ ഏഴാമത് എഡിഷനിലാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്. പ്രധാന ബിസിനസ് മേഖലകളിലുടനീളം യുഎഇയുടെ തുടർച്ചയായ വളർച്ചയും ആകർഷകമായ നിക്ഷേപ സാഹചര്യവും പരിഗണിച്ചാണ് പ്രധാനമായും സൂചികയിൽ രാജ്യത്തിന് നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതേസമയം സർക്കാർ ധനകാര്യ സൂചികയിൽ ഒന്നാം സ്ഥാനത്തും നികുതിഭാര സൂചികയിൽ രണ്ടാം സ്ഥാനത്തുമാണ് രാജ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജിഡിപി അനുപാതത്തിലും രാജ്യം മുൻ നിരയിലാണ്. നിക്ഷേപ അന്തരീക്ഷത്തിലും ആകർഷണീയതയിലും യുഎഇ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാണവും നേടി. റിപ്പോർട്ടിൽ പരാമർശിച്ച എല്ലാ ഉപ സൂചികകളിലും ഉയർന്ന നില തുടരാനായത് വഴി സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിലും ഒന്നാം സ്ഥാനത്തെത്തി. മാത്രമല്ല, അറബ് രാജ്യങ്ങൾ വിദ്യാഭ്യാസത്തിലും തൊഴിൽ പരിശീലനത്തിലും വൻതോതിൽ നിക്ഷേപം നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഉൽപാദന മേഖലകളിലും സേവന വ്യവസായങ്ങളിലും അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ സാമ്പത്തിക മത്സരശേഷിയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നത് അറബ് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.