ബോധവൽക്കരണം നടത്തുന്നതിനോടൊപ്പം സമ്മാനങ്ങളും നൽകി ദുബായ് പോലീസ്. ഇ-സ്കൂട്ടർ യാത്രക്കാർക്ക് വേഗപരിധിയെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുന്നതിനൊപ്പം നിരവധി സമ്മാനങ്ങളും ദുബായ് പോലീസ് വിതരണം ചെയ്തു. ട്രാഫിക് അവബോധം പ്രചരിപ്പിക്കുന്നതിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടി ഒരു പ്രധാന ക്യാമ്പയ്നിന്റെ ഭാഗമായാണ് പോലീസ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയ്ക്കൊപ്പം ഹെൽമെറ്റുകളും റിഫ്ലക്ടീവ് ബെൽറ്റുകളും ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ സമ്മാനമായി നൽകിയത്.
അതേസമയം സ്പീഡ് ലിമിറ്റുകൾ ഓരോ സ്ഥലത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടാമെന്ന് ദുബായ് പോലീസ് പറഞ്ഞു. റെസിഡൻഷ്യൽ, ബീച്ച് ഏരിയകളിൽ മണിക്കൂറിൽ 20 കിലോമീറ്ററും മൈദാൻ സ്ട്രീറ്റിലും ഷെയർഡ് സ്ട്രീറ്റിലും മണിക്കൂറിൽ 30 കിലോമീറ്ററുമാണ് വേഗത പരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ സെയ്ഹ് അൽ സലാം, അൽ ഖുദ്ര ട്രാക്കുകളിൽ വേഗത നിയന്ത്രണങ്ങളൊന്നും ഉണ്ടാവില്ല.
സ്വന്തം അല്ലെങ്കിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള റൈഡറുകളിൽ നിന്ന് 300 ദിർഹം വരെ പിഴ ചുമത്തും. കൂടാതെ പെർമിറ്റില്ലാതെ സൈക്കിളോ ഇ-സ്കൂട്ടറോ ഓടിക്കുന്നതിന് 200 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. അതേസമയം വേഗപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഒരാൾക്ക് 100 ദിർഹം മുതൽ 300 ദിർഹം വരെ പിഴ ചുമത്താമെന്നും ദുബായ് പോലീസ് അറിയിച്ചു.