വേനല്‍ അവധി അവസാനിക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ യുഎഇിയില്‍നിന്ന് ഇന്ത്യയിലേക്കുളള ടിക്കറ്റ് നിരക്കുൾ താഴ്ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ടിക്കറ്റ് വിലയില്‍ 60 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുളള നിരക്ക് കുതിച്ചുയരുകയാണ്.
നാട്ടിലേക്ക് കുറഞ്ഞ നിരക്ക്
യുഎഇയില്‍നിന്ന് കൊച്ചി , തിരുവനന്തപുരം, മുംബൈ, മംഗലാപുരം , ബാംഗ്ലൂര്‍ തുടങ്ങി വിവിധ നഗരങ്ങളിലേക്ക് വിമാനകമ്പനികൾ നിരക്ക് ഇളവ് നല്‍കുന്നുണ്ട്.
ഓഗസ്റ്റിൽ ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള കുറഞ്ഞ നിരക്ക് 271 ദിർഹത്തിലും ന്യൂഡൽഹിയിലേക്ക് 282 ദിർഹത്തിലും ആരംഭിക്കുന്നെന്ന് ഏജന്‍സികൾ പറയുന്നു.
ദുബായിൽ നിന്ന് ഹൈദരാബാദ്, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഓഗസ്റ്റ് മാസത്തേക്ക് 320 ദിർഹം മുതൽ 460 ദിർഹം വരെയാണ് ഈടാക്കുന്നത്. സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ 330 ദിര്‍ഹത്തിനാണ് വണ്‍ ഇന്ത്യ വണ്‍ ഫെയര്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുളളത്.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് 400 ദിർഹം മുതൽ 700 ദിർഹവരെയാണ് സാധാരണ നിരക്ക്. എന്നാല്‍ കഴിഞ്ഞ മാസം ഏറ്റവും തിരക്കേറിയ വേനൽക്കാല യാത്രയിൽ 1200 ദിർഹത്തിനും 1700 ദിർഹത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക് ഈടാക്കിയത്.
യുഎഇയിലേക്ക് നിരക്ക് കൂടുതല്‍
അതേസമയം ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് ഈ മാസം മടങ്ങിയെത്തുന്നതിന് ആയിരം ദിര്‍ഹത്തില്‍ കൂടുതല്‍ മുടക്കേണ്ടിവരും. അവധിയ്ക്ക് നാട്ടിലേക്കു പോയവര്‍ മടങ്ങി എത്തിത്തുടങ്ങിയതും, സ്കൂൾ അവധി അവസാനിക്കുന്നതും കണക്കിലെടുത്താണ് മടക്കയാത്രാ നിരക്ക് ഉയര്‍ത്തിയത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ബുക്കിംഗ് തിരക്കേറിയെന്നും ഏജന്‍സികൾ പറഞ്ഞു. യുഎഇയിലെ സമ്മര്‍ ടൂറിസത്തിന് ഡിമാന്റ് ഏറിയതും നാട്ടില്‍നിന്ന് അധികനിരക്ക് ഈടാക്കുന്നതിന് കാരണമായിട്ടുണ്ട്.