യുഎഇയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവക്കാരുടെ സുരക്ഷയ്ക്കായി തൊഴില്‍ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സൊ ബാങ്ക് ഗ്യാരന്റിയൊ കമ്പനികൾ ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. കമ്പനികളുെട സൗകര്യാര്‍ഥം ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും തെരഞ്ഞെടുക്കണെന്നും മന്ത്രാലയം ഉത്തരവിട്ടു.
ബാങ്ക് ഗ്യാരന്റി
ബാങ്ക് ഗാരന്റിയാണ് നൽകുന്നതെങ്കിൽ ഓരോ ജീവനക്കാരനും മൂവായിരം ദിര്‍ഹം വീതം എല്ലാവര്‍ഷവും പുതുക്കാന്‍ കഴിയുംവിധം കെട്ടിവയ്ക്കണം. ജീവനക്കാരനുമായുളള തൊഴില്‍ കരാര്‍ റദ്ദാകുമ്പോഴൊ, ജീവനക്കാരന് മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴൊ ബാങ്ക് ഗ്യാരന്റി നിലനിര്‍ത്തേണ്ടതില്ല. ജീവനക്കാരന് രാജ്യം വിടുമ്പോഴും മരണമടയുകയാണെങ്കിലും പണം തിരിയെ എടുക്കാം.
ഇന്‍ഷുറന്‍സ്
ഇന്‍ഷുറന്‍സ് ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഒരോ തൊഴിലാളിയ്ക്കും 20,000 ദിര്‍ഹത്തിന്റെ കവറേജാണ് ഉറപ്പാക്കേണ്ടത്. മുപ്പത് മാസത്തേക്ക് പരിരക്ഷ ലഭ്യമാക്കുകയും വേണം. വിദഗ്ദ്ധ തൊഴിലാളിയ്ക്ക് 138 ദിര്‍ഹവും അവിദഗ്ദ്ധ തൊഴിലാളിക്ക് 180 ദിര്‍ഹവും എന്ന നിരക്കിലാണ് ചെലവിടേണ്ടത്. വേതന സംരക്ഷണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതും അപകട സാധ്യത കൂടുതലുളള മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും 250 ദിര്‍ഹമിന്റെ ഇന്‍ഷുറന്‍സ് എടുക്കണമെന്നും തൊഴില്‍ മന്ത്രി ഡോ. അബ്ദുറഹ്മാൻ അബ്ദുൽ മന്നാൻ അൽ അവാർ വ്യക്തമാക്കി.
തൊഴിലാളിയുടെ 120 ദിവസത്തെ ശമ്പളം, ഗ്രാറ്റുവിറ്റി, മടക്കയാത്ര, മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് എന്നിവ ഉൾപ്പെടുന്നതായിരിക്കണം ഇന്‍ഷുറന്‍സ് കവറേജെന്നും മന്ത്രാലയം അറിയിച്ചു.