സംസ്ഥാനത്തെ 11 ഓര്‍ഡിനന്‍സുകൾ കാലാവധി പുതുക്കാതെ അസാധുവായ പശ്ചാത്തലത്തിൽ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം രംഗത്ത്. ഗവര്‍ണര്‍ പദവി പാഴാണെന്നും ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ജനയുഗത്തിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തൽ. കേരളത്തില്‍ ബിജെപി പ്രതിനിധിയില്ലാത്തതിന്റെ പോരായ്മ ഗവര്‍ണര്‍ നികത്തുകയാണെന്നും സിപിഐ മുഖപത്രം വിമർശനം ഉയർത്തുന്നു.
രാഷ്ട്രീയം കളിക്കുന്ന കേരള ഗവര്‍ണര്‍ എന്ന തലക്കെട്ടിലാണ് ജനയുഗം ദിനപത്രത്തിന്റെ ഇന്നത്തെ മുഖപ്രസംഗം വന്നിരിക്കുന്നത്. രാജ്ഭവനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ വേദിയാക്കുകയാണെന്നും മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു.
സംഘപരിവാര്‍ പാളയത്തിൽ നിന്നും ഗവര്‍ണര്‍ സ്ഥാനത്തേക്ക് വന്ന ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് സംസ്ഥാനത്തെ ഭരണനിര്‍വഹണം പ്രതിസന്ധിയിലാക്കുന്നുവെന്ന് ഉള്‍പ്പെടെയാണ് സിപിഐയുടെ ആരോപണങ്ങൾ. ഭരണഘടന പദവിയാണെങ്കിലും ഗവര്‍ണര്‍ക്ക് ഒട്ടേറെ പരിമിതികളുണ്ടെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനസിലാക്കുന്നില്ലെന്നും മുഖപ്രസംഗം വിമർശനം ഉന്നയിക്കുന്നു.
ലോകായുക്ത ഉൾപ്പടെ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം ഇന്നുചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. തുടര്‍ നടപടികളും യോഗത്തിൽ ചര്‍ച്ചയാകും. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട ശേഷമേ നിയമസഭ ചേരുന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുകയുള്ളു.