ഗുസ്തി അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക്. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷ സ്ഥാനത്തേക്ക് ബ്രിജ് ഭൂഷന്റെ അടുത്ത അനുയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം. വനിത താരങ്ങളുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ് ബ്രിജ് ഭൂഷൺ. വാർത്താസമ്മേളനത്തിൽ വൈകാരികമായി പ്രതികരിച്ച സാക്ഷി തന്റെ ബൂട്ട് ഉപേക്ഷിച്ചാണ് മടങ്ങിയത്.
‘ബ്രിജ് ഭൂഷണെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിൽ 40 ദിവസമാണ് ഞങ്ങൾ തെരുവോരത്ത് ഉറങ്ങിയത്. ഞങ്ങൾക്ക് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തി. ഇത്രത്തോളം ചർച്ചയാക്കപ്പെട്ട വിഷയമായിരുന്നിട്ട് കൂടിയ പ്രതിയായ ബ്രിജ് ഭൂഷന്റെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനാവുകയാണെങ്കിൽ ഞാൻ ഗുസ്തി അവസാനിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും ഇപ്പോൾ ലംഘിക്കപ്പെട്ടു എന്ന് വ്യക്തമാണ് -സാക്ഷി കണ്ണീരോടെ പറഞ്ഞു.
ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ്ങാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ബി.ജെ.പി എം.പിയും മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന് ശരണ്‍ സിങിന്റെ വിശ്വസ്തനുമാണ് സഞ്ജയ് സിങ്. മാത്രമല്ല ബ്രിജ് ഭൂഷന്റെ പാനലിനു തന്നെയായിരുന്നു തിരഞ്ഞെടുപ്പില്‍ ആധിപത്യം ഉണ്ടായിരുന്നത്.