ഗുസ്തി ഫെഡറേഷൻ (ഡബ്ല്യൂ.എഫ്.ഐ) പ്രസിഡന്റായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തു. ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ സ്ഥാനം നഷ്‌ടമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്‌തനാണ് സഞ്ജയ് സിങ്. ഇതോടെ ഗുസ്‌തി ഫെഡറേഷന് രാജ്യാന്തര തലത്തിലുള്ള വിലക്ക് നീങ്ങും.
ഡൽഹിയിലെ ഒളിമ്പിക് ഭവനിൽ നടന്ന തെരഞ്ഞെടുപ്പിൽ കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവ് അനിത ഷിയോറിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 47 വോട്ടുകളിൽ 40 വോട്ടും അദ്ദേഹം നേടുകയായിരുന്നു. അതേ സമയം മുൻ ഗുസ്‌തി താരവും ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹൻ യാദവ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോൽക്കുകയായിരുന്നു.
ഫെഡറേഷൻ്റെ മുൻ തലവനും ബി.ജെ.പി എം.പിയുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളുടെയും ഗുസ്‌തി താരങ്ങളുടെ രാപ്പകൽ സമരങ്ങളുടെയും പേരിൽ തിരഞ്ഞെടുപ്പ് ജനശ്രദ്ധ നേടിയിരുന്നു. വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്നാരോപിച്ച് രാജ്യത്തെ പ്രധാന ഗുസ്തി താരങ്ങൾ നടത്തിയ സമരത്തെത്തുടർന്നാണ് ബ്രിജ് ഭൂഷണ് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കേണ്ടിവന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്തനെന്ന് പറയപ്പെടുന്ന സഞ്ജയ് സിങ്ങാണ് പിൻഗാമിയായെത്തിയിരിക്കുന്നത്.