യുഎഇയിൽ മനോരോഗികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം പുറപ്പെടുവിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങൾക്കും നിയമം ബാധകമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ തടവും പിഴയും ചുമത്തുമെന്നും യുഎഇ സർക്കാർ അറിയിച്ചു.
മാനസികാരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും പുതിയ രീതികൾ അടിസ്ഥാനമാക്കിയുള്ള നിയമം രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും മികച്ച ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കുന്നതുമാണ്. മനോരോഗികളുമായി ഇടപഴകുന്ന ഓരോ വ്യക്തികളും പാലിക്കേണ്ട നിയമങ്ങൾ വ്യക്തമാക്കുന്നതിനും മികച്ച നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായാണ് പുതിയ നടപടി.
മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിൽ ലഭ്യമാക്കേണ്ട അവകാശങ്ങളെക്കുറിച്ചും നിയമം വ്യക്തമാക്കുന്നുണ്ട്. കൂടാതെ മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നതിനായി പ്രത്യേക അനുമതിയും നേടിയിരിക്കണം. ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ തടവും 50,000 മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴയും ചുമത്തപ്പെടുമെന്നും അധികൃതർ അറിയിച്ചു.