കുവൈത്തിൻ്റെ പതിനേഴാമത് അമീറായി ഷെയ്ഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഇന്ന് അധികാരമേല്‍ക്കും. ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേൽക്കുക. രാവിലെ നടക്കുന്ന പാർലിമെൻ്റ് പ്രത്യേക സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.
ഭരണഘടനയുടെ ആർട്ടിക്കിൾ 60 പ്രകാരം തിരഞ്ഞെടുക്കപ്പെട്ട അമീർ ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കണമെന്നാണ് നിയമം. കഴിഞ്ഞ മൂന്ന് വർഷമായി കിരീടാവകാശി എന്ന നിലയിൽ ചുമതലകൾ വഹിച്ചുവരികയായിരുന്നു ഷെയ്ഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്. നേരത്തേ ഭരണ നേതൃത്വത്തിൽ വിവിധ പദവികളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹമ്മദ് അൽ ജാബർ മുബാറക് അൽ സബാഹിന്റെ ഏഴാമത്തെ മകനാണ് ഷെയ്ഖ് മിഷൽ. കുവൈത്ത് അമീറായിരുന്ന ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തേത്തുടർന്നാണ് ഷെയ്ഖ് മിഷലിനെ അമീറായി തിരഞ്ഞെടുത്തത്.