യുഎഇ ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് നാലിന്റെ നിർമ്മാണം പൂർത്തിയായതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ അറിയിച്ചു. അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ന്യൂക്ലിയർ എനർജി പ്ലാന്റാണ് ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റ്. ആണവോർജ്ജനിലയത്തിലെ യൂണിറ്റ് നാലിലേക്ക് ഫ്യൂവൽ അസംബ്ലി സംവിധാനങ്ങൾ ഘടിപ്പിക്കുന്ന നടപടികളാണ് ഇപ്പോൾ പൂർത്തിയായത്.
നിലവിൽ ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിൽ മൂന്ന് യൂണിറ്റുകളാണ് പ്രവർത്തിച്ചുവരുന്നത്. ഈ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 2022 ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. യൂണിറ്റ് 3-ലെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യുഎഇയുടെ ദേശീയ വൈദ്യുതി ഗ്രിഡിലേക്ക് 1,400 മെഗാവാട്ട് സീറോ-കാർബൺ എമിഷൻ വൈദ്യുതി അധികമായി ലഭ്യമായിരുന്നു. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1, യൂണിറ്റ് 2 എന്നിവയിൽ 1,400 മെഗാവാട്ട് വീതമുള്ള വൈദ്യുതി ഉല്പാദനം ഇതിന് മുമ്പ് ആരംഭിച്ചിരുന്നു.
സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉല്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യുഎഇ. നവാഹ് എനർജി കമ്പനിയുടെ കീഴിലാണ് ബറാഖ ആണവോർജ്ജനിലയം പ്രവർത്തിക്കുന്നത്. യുഎഇയിലെയും അറബ് ലോകത്തിലെയും ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ആണവ നിലയമാണ് ബറാഖ.