ഇരുപത്തിരണ്ടാമത് കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു. 11 ദിവസം നീണ്ടു നിന്ന മത്സരത്തിൽ വിവിധയിനങ്ങളിലായി ഓസ്ട്രേലിയ 67 സ്വർണനേട്ടവുമായി ഒന്നാമതെത്തി. 22 സ്വർണം നേടിയ ഇന്ത്യ നാലാം സ്ഥാനത്താണ്. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.
72 രാജ്യങ്ങളിൽ നിന്നായി 5,054 കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. 67 സ്വർണ്ണവും 57 വെള്ളിയും 54 വെങ്കലവുമടക്കം 178 മെഡലുകളാണ് ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് നേടിയത് 57 സ്വർണ്ണവും 66 വെള്ളിയും 53 വെങ്കലവുമടക്കം 170 മെഡലുകൾ. മൂന്നാം സ്ഥാനത്ത് 26 സ്വർണ്ണവും 32 വെള്ളിയും 34 വെങ്കലവുമായി കാനഡയാണ്. 22 സ്വർണ്ണവും 16 വെള്ളിയും 23 വെങ്കലവും നേടിയാണ് ഇന്ത്യ നാലാം സ്ഥാനം ഉറപ്പിച്ചത്.
ബിർമിങ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ സോളിഹളിലെ ഓഷ്യൻ കളർ സീൻ ബാൻഡ്, ഡെക്സിസ് മിഡ്നെറ്റ് റണ്ണേഴ്സ് എന്നിവരുടെ സംഗീത നിശയും യു ബി 40ന്റെ ഗാനങ്ങളും സമാപന ചടങ്ങ് ഗംഭീരമാക്കി. ടേബിൾ ടെന്നീസ് താരം ശരത് കമലും ബോക്സിങ് താരം നിഖാത് സരിനുമായിരുന്നു സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്. 2026ൽ ഓസ്ട്രേലിയയിലാണ് അടുത്ത കോമൺവെൽത്ത് ഗെയിംസ് നടക്കുക.