2024 ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരലേലത്തിൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. 20.50 കോടി രൂപയ്ക്കാണ് കമ്മിൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
കമ്മിൻസിനായി തുടക്കത്തിൽ ചെന്നൈയും മുംബൈ ഇന്ത്യൻസും തമ്മിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു നടന്നത്. പിന്നീട് ഇക്കൂട്ടത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും സൺറൈസേഴ്സ് ഹൈദരാബാദും ചേർന്നു. ഇതോടെ ലേല തുക ഉയർന്നുകൊണ്ടേയിരുന്നു. ഒടുവിലാണ് 20.5 കോടി രൂപയ്ക്ക് സൺറൈസേഴ്സ് താരത്തെ വാങ്ങിയത്. രണ്ട് കോടിയായിരുന്നു കമ്മിൻസിന്റെ അടിസ്ഥാന വില.
ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റോവ്‌മാൻ പവലിനെ 7.40 കോടിക്ക് രാജസ്ഥാൻ റോയൽസും ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സൺറൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി. ദുബായിലെ കൊക്കകോള അരീനയിലാണ് ലേലം നടക്കുന്നത്. ആദ്യമായാണ് ഐപിഎൽ ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്.