മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം യുഎഇ പുറപ്പെടുവിച്ചു. രാജ്യത്തെ മാധ്യമങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന പുതിയ നിയമം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും ഫ്രീ സോണുകൾക്കും ബാധകമായിരിക്കും. നിയമ പ്രകാരം യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമ വ്യക്തികളും സ്ഥാപനങ്ങളും മീഡിയ ഉള്ളടക്കത്തിന്റെ ദേശീയ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്.
• മാധ്യമ പ്രവർത്തനങ്ങൾ യുഎഇയുടെ വിദേശ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കണം.
• സമൂഹത്തെയും സംസ്കാരത്തെയും നാഗരികതയെയും ദേശീയ സ്വത്വത്തെയും മൂല്യങ്ങളെയും ബഹുമാനിക്കുന്നതായിരിക്കണം മാധ്യമ പ്രവർത്തനം.
• ദേശീയ ഐക്യത്തെയോ സാമൂഹിക ഐക്യത്തെയോ വ്രണപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിക്കാൻ പാടില്ല.
• സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അക്രമം, വിദ്വേഷം, വിയോജിപ്പിന്റെ മനോഭാവം തുടങ്ങിയവ പ്രചരിപ്പിക്കാൻ പാടില്ല.
• യുഎഇയുടെ നിയമപരവും സാമ്പത്തികവുമായ സംവിധാനത്തോട് നിരുത്തരവാദപരമായി പെരുമാറാതിരിക്കുക.
• സ്വകാര്യതാ നിയമങ്ങളോടും വ്യക്തികളുടെ സ്വകാര്യ ജീവിതത്തോടും അനാദരവ് കാണിക്കാൻ പാടില്ല.
• കിംവദന്തികൾ, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ, കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.