അംഗപരിമിതർക്ക് വീൽചെയറിലിരുന്നുകൊണ്ട് ബീച്ചുകൾ ആസ്വദിക്കാനാവുന്ന ട്രാക്ക് സാങ്കേതികവിദ്യ ആരംഭിച്ച് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. അംഗപരിമിതർക്ക് വീൽചെയറിൽ ഇരുന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന റാമ്പുകളിലൂടെ ബീച്ചിൽ പ്രവേശിക്കാനാവുമെന്നാണ് ഈ സാങ്കേതികവിദ്യയുടെ വലിയ പ്രത്യേകത. അബുദാബി മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും എമിറേറ്റിൻ്റെ പരമാധികാര നിക്ഷേപ വിഭാഗമായ മുബദാലയുമായി സംയോജിച്ചാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.
ഗ്രീക്ക് കമ്പനിയായ സീട്രാക്ക് രൂപകൽപ്പന ചെയ്ത ഈ സൗരോർജ്ജ ട്രാക്കുകളിൽ ഒരു കസേര ഘടിപ്പിച്ചിട്ടുണ്ട്. പിന്നീട് ട്രാക്കുകളിലുള്ള കസേര കടലിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. മാത്രമല്ല, കടൽത്തീരത്ത് പോകുന്നവർക്ക് റാംപിന്റെ റെയിലുകൾ ഉപയോഗിച്ച് കടലിലേക്ക് താഴ്ത്താനും കസേരയിലേക്ക് സ്വയം ഉയർത്താനും സാധിക്കും.
ഗ്രീസിലെ 200-ലധികം ബീച്ചുകളിൽ ഈ അത്യാധുനിക ഉപകരണം ഇതിനോടകം തന്നെ അവതരിപ്പിച്ച് കഴിഞ്ഞു. കോർണിഷ് പബ്ലിക് ബീച്ച്, കോർണിഷ് സാഹിൽ ബീച്ച്, കോർണിഷ് ഫാമിലി ബീച്ച്, അൽ ബത്തീൻ പബ്ലിക് ബീച്ച്, അൽ ബത്തീൻ ലേഡീസ് ബീച്ച് എന്നിവിടങ്ങളിലാണ് സീ ട്രാക്ക് സംവിധാനം നിലവിൽ ആരംഭിച്ചിരിക്കുന്നത്.